കൊച്ചി: കപ്പലണ്ടി വിറ്റ് കിട്ടിയ ചെറിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഓണംമ്പിള്ളി സ്വദേശി രവി. കപ്പലണ്ടി വിറ്റ് കിട്ടിയ 4000 രൂപയാണ് കഴിഞ്ഞ ദിവസം രവി കുന്നത്തുനാട് താലൂക്ക് തഹസില്‍ദാര്‍ സാബു കെ ഐസക്കിന് കൈമാറിയത്. 45 വര്‍ഷമായി കപ്പലണ്ടി വിറ്റ് തന്റെ ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്ന രവി ഒരു ദിവസത്തെ വരുമാനമാണ് പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്.
തന്റെ ഇന്നത്തെ സമ്പാദ്യം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് ആണെന്ന് അറിയിച്ചാണ് കച്ചവടം നടത്തിയത്. അതിനാല്‍തന്നെ പ്രദേശ വാസികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. സാധാരണ ലഭിക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് ഈ ദിവസം ലഭിച്ചതെന്നും രവി പറയുന്നു. കേരളത്തെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനു വേണ്ടി തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹത്തിലാണ് തന്റെ സമ്പാദ്യം നല്‍കിയതെന്നും രവി വ്യക്തമാക്കി. ഓണംപിള്ളി, താന്നിപ്പുഴ, കാലടി എന്നീ പ്രദേശങ്ങളിലെ സ്ഥിരം കപ്പലണ്ടി കച്ചവടക്കാരനാണ് 65 നു മേല്‍ പ്രായമുള്ള രവി. പ്രളയ സമയത്ത് രവിയുടെ വീട് പൂര്‍ണമായും വെള്ളത്തിലായതിനെ തുടര്‍ന്ന് ഒക്കല്‍ എസ്.എന്‍.ഡി.പി സ്‌കൂള്‍ ക്യാമ്പിലായിരുന്നു. തിരിച്ചെത്തിയ ശേഷം വളരെ കഷ്ടപ്പെട്ടാണ് കുറച്ചെങ്കിലും പൂര്‍വ്വസ്ഥിതി പ്രാപിച്ചത്. കച്ചവടം നടത്തുന്നതിനുള്ള ഉന്തുവണ്ടി ഉള്‍പ്പെടെ വീടുപകരണങ്ങളും എല്ലാം നശിച്ചിരുന്നു.  ഉപജീവനത്തിനായി വളര്‍ത്തിയ പശുവും പ്രജുയത്തില്‍ നഷ്ടപ്പെട്ടു. ഭാര്യയും മക്കളുമൊത്ത് ഒക്കല്‍ പഞ്ചായത്തില്‍ ഓണംമ്പിള്ളി ഭാഗത്ത് തത്തുപറ വീട്ടിലാണ് രവി താമസിക്കുന്നത്.