ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്
സംസ്ഥാന ദുരന്തനിവാരണ സമിതി മെമ്പർ സെക്രട്ടറി ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾക്ക് നീന്തൽ പരിശീലനം നൽകുന്ന ജലതരംഗം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവശ്യഘട്ടങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് തയ്യാറാകാൻ കഴിയും വിധം ഓരോ വിദ്യാർത്ഥിയും മാറണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളെ ശാരീരിക – മാനസികാരോഗ്യം ഉള്ളവരാക്കുക, അപകടഘട്ടങ്ങളെ തരണം ചെയ്യുവാൻ പ്രാപ്തരാക്കുക, നിശ്ചയദാർഢ്യത്തോടെ പെരുമാറുവാൻ കഴിവുള്ളവരാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജലതരംഗം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളിന് സമീപത്തുള്ള നീന്തൽകുളങ്ങളിൽ എല്ലാ സുരക്ഷിതമാനദണ്ഡങ്ങളും പാലിച്ച് നീന്തൽ പരിശീലനം നൽകും. ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 52 സ്കൂളുകളിലെ എട്ടു മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.

കാരിക്കോട് ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ മൂന്ന് സ്കൂളുകളിൽ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന നീന്തൽകുളങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതിനായി ഓരോ സ്കൂളിനും 35 ലക്ഷം രൂപ വീതം വകയിരുത്തിയിട്ടുണ്ടെന്നും തുടർന്നുള്ള വർഷങ്ങളിൽ ജില്ലയിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും പദ്ധതിയിലൂടെ നീന്തൽ പരിശീലനം നൽകുമെന്നു അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത്വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, അസി. സ്റ്റേഷൻ ഫയർ ഓഫീസർ വി. പി. സുനിൽ വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.