പാമ്പാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വെള്ളൂർ വടക്കേക്കര വീട്ടിൽ സുനിത ചെറിയാൻ ഹോട്ടൽ നടത്തി മിച്ചംപിടിച്ച പണത്തിൽ നിന്നാണ് 2013 ൽ 10 സെന്റ് നിലം വാങ്ങിയത്. ഭർത്താവിന്റെ മരണശേഷം ഹോട്ടൽ നിർത്തേണ്ടിവന്നു. മകളുടെ വിവാഹ ചെലവുകളും ബാധ്യതകളും നേരിടാൻ സ്ഥലം വിൽക്കാൻ തീരുമാനിച്ചപ്പോഴാണ് ഭൂമി തരം മാറ്റിയാൽ മാത്രമേ വിൽപ്പന നടത്താൻ സാധിക്കൂവെന്ന പ്രതിസന്ധിയുണ്ടായത്. ഇതോടെ തരംമാറ്റത്തിനുള്ള അപേക്ഷയുമായി ഓട്ടമായി.

അങ്ങനെയാണ് കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി അദാലത്തിലേക്ക് ഓൺലൈൻ അപേക്ഷ നൽകിയത്. കോട്ടയം മിനി സിവിൽ സ്റ്റേഷനിലെ അദാലത്തിനെത്തി തരമാറ്റാനായുള്ള ഉത്തരവുമായി സുനിത മടങ്ങിയത് ബാധ്യതകൾ തീർക്കാനാകുമെന്ന പ്രതീക്ഷയോടെയാണ്. സർക്കാർ സൗജന്യമായി അദാലത്തിലൂടെ ഭൂമി തരംമാറ്റി നൽകിയത് സന്തോഷമേകുന്നുവെന്ന് സുനിത പറഞ്ഞു.