വരും മാസങ്ങളില്‍ ഉണ്ടായേക്കാവുന്ന വരള്‍ച്ച മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദേശം. ജല അതോറിറ്റിയും ചെറുകിട ജലസേചന വകുപ്പും ചേര്‍ന്ന് എല്ലാ ഡിവിഷനുകളിലും സൂപ്രണ്ടിങ് എന്‍ജിനീയറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ജലക്ഷാമം നേരിടുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.
ദ്രുതഗതിയില്‍ ചെയ്യാവുന്നവയ്ക്ക് മുന്‍ഗണന കൊടുത്തു വേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. മാസ്റ്റര്‍ പ്ലാന്‍ ഫെബ്രുവരി 10 നകം സമര്‍പ്പിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. പറമ്പിക്കുളം-ആളിയാര്‍ ഡാമില്‍ നിന്ന് അര്‍ഹതപ്പെട്ട വെള്ളം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു എം.എല്‍.എ. അനുവാദകനായി പ്രമേയം അവതരിപ്പിച്ചു.
മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് കുമാര്‍ പ്രമേയത്തെ പിന്താങ്ങി. പ്രമേയം സര്‍ക്കാരിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറി തലത്തിലും ജില്ലാ കലക്ടര്‍ തലത്തിലും ചര്‍ച്ച നടത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മീങ്കര ഡാമില്‍നിന്നുമുള്ള വെള്ളം മുതലമട പഞ്ചായത്തിലുള്ളവര്‍ക്ക് കുടിവെള്ളത്തിനോ കൃഷി ആവശ്യങ്ങള്‍ക്കോ ലഭ്യമാകുന്നില്ലെന്നും വന്യമൃഗങ്ങള്‍ക്ക് പോലും ലഭിക്കുന്നില്ലെന്നും രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന് യോഗത്തില്‍ അറിയിച്ചു.
ഒന്നോ രണ്ടോ ദിവസങ്ങളിലേക്കെങ്കിലും അടിയന്തിരമായി വെള്ളം വിടണമെന്നും ഈ പ്രദേശങ്ങളിലെ കിണറുകള്‍, കുളങ്ങള്‍ എന്നിവയുടെ ആഴം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഓങ്ങല്ലൂര്‍-വല്ലപ്പുഴ ഭാഗത്ത് രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം വേണമെന്നും ജില്ലയില്‍ ലഭ്യമായ ജലസ്രോതസുകള്‍ കണ്ടെത്തി ജലവിതരണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്നും മുഹമ്മദ് മുഹ്സിന് എം.എല്‍.എ ആവശ്യപ്പെട്ടു. ജല്‍ ജീവന് മിഷനില്‍ ഉള്‍പ്പെട്ട ഓങ്ങല്ലൂര്‍-കാരേക്കാട് റോഡിലെ പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിച്ചതായും മാര്‍ച്ച് 10 നകം പൂര്‍ത്തീകരിക്കുമെന്നും ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ചിറ്റൂര്‍ മേഖലയില്‍ ദിനംപ്രതി 5000 ലിറ്റര്‍ ജലം മാത്രമേ കുഴല്‍കിണറില്‍ നിന്ന് ഉപയോഗിക്കാവൂ എന്ന നിര്‍ദേശം പിന്‍വലിക്കുന്നത് സംബന്ധിച്ച് മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി ജില്ലാ ഭൂജല വകുപ്പ് ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ വിളവും ആവശ്യമുള്ള ജലത്തിന്റെ അളവും പരിഗണിച്ച് കര്‍ഷകര്‍ക്ക് ഉപയോഗിക്കാവുന്ന ജലത്തിന്റെ അളവ് നിശ്ചയിച്ച് അനുമതി നല്‍കുന്നതിന് നിര്‍ദേശം നല്കി.
പട്ടാമ്പി മണ്ഡലത്തില്‍ ജല്‍ജീവന്‍ മിഷന്റെ റീ അപ്രോപ്രിയേഷന്‍ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ജല അതോറിറ്റി എക്സി. എന്‍ജിനിയര്‍ അറിയിച്ചു. ഓങ്ങല്ലൂര്‍, തിരുവേഗപ്പുറ, പരതൂര്‍, മുതുതല പഞ്ചായത്തുകളിലെ പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചിട്ടുണ്ട്. പട്ടാമ്പി, കാരേക്കാട്, കൊടുമുണ്ട പ്രദേശങ്ങളിലെ വീടുകള്‍ പുഴയിലേക്ക് ഇടിയുന്നത് തടയുന്നതിനായി സംരക്ഷണഭിത്തി കെട്ടുന്നത് സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മിഷണറുടെ നേതൃത്വത്തില്‍ സ്ഥല പരിശോധന നടത്തി. പ്രവൃത്തികള്‍ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി ആര്.എം.എഫ്. ഫണ്ട് അനുവദിക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ചെറുകിട ജലസേചന വകുപ്പ് എക്സി. എന്‍ജിനീയര്‍ അറിയിച്ചു.
കാഞ്ഞിരപ്പുഴ, കരിമ്പ പൈപ്പ് ലൈന്‍ പ്രവൃത്തികളും പറക്കല്ലിലുള്ള വാട്ടര്‍ ടാങ്ക് ഉയരം കൂട്ടി സ്ഥാപിക്കുന്ന പ്രവൃത്തിയും ആരംഭിച്ചതായി ജല അതോറിറ്റി ഇ.ഇ. അറിയിച്ചു. ലക്കിടി പേരൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ വൈദ്യുത കുടിശ്ശികമൂലം തടസപ്പെട്ട കുടിവെള്ളം വിതരണം ജലനിധി എസ്.എല്‍.ഇ.സി. 2 ഗുണഭോക്തൃ കുടിശ്ശിക അടവാക്കി പുനസ്ഥാപിച്ചതായി തദ്ദേശ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ജലസേചന വകുപ്പ് റീബില്‍ഡ് കേരള ഫണ്ടുപയോഗിച്ച് പണിത മാന്നന്നൂര്‍ തടയണ നിര്‍മാണം ആരംഭിച്ചതായി കെ.ഐ.ഐ.ഡി.സി. പ്രതിനിധി അറിയിച്ചു.
നവകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഭാരതപ്പുഴ പുനര്‍ജീവനം പദ്ധതി നടപ്പാക്കുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി അറിയിച്ചു. ഫെബ്രുവരി 13 ന് ഭാരതപ്പുഴയും പുഴയോരവും മാലിന്യമുക്ത നവകേരളം ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കും. ഇതേ ദിവസം എല്ലാ ജലാശയങ്ങളും പുഴയോരങ്ങളും വൃത്തിയാക്കുന്നതിനായി ക്യാമ്പയിന് നടത്തും. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, യുവജനക്ഷേമ ബോര്‍ഡ്, സാക്ഷരതാ മിഷന്, ലൈബ്രറി കൗണ്‍സില്‍, നെഹ്റു യുവകേന്ദ്ര, ജലസേചന വകുപ്പ്, സാമൂഹ്യ വനവത്കരണ വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലാകും ക്യാമ്പയിന് സംഘടിപ്പിക്കുക.
എം.എല്‍.എമാരായ കെ. ബാബു, മുഹമ്മദ് മുഹ്സിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, സബ് കലക്ടര്‍ ഡോ. മിഥുന് പ്രേംരാജ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്, ആര്.ഡി.ഒ. ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍.കെ. ശ്രീലത, വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ്, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ. തങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മാണത്തിന് നടപടി
പെരുമാട്ടി ഗ്രാമപഞ്ചായത്തില്‍ മൂലത്തറ വില്ലേജിലെ സൂര്യപ്പാറ റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് പ്രകാരം ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി പഞ്ചായത്തിന് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി എ.ഡി.എം കെ. മണികണ്ഠന് അറിയിച്ചു. ഒഴലപ്പതി റോഡില്‍ പുതിയ ചെക്ക്പോസ്റ്റ് ആരംഭിക്കുന്നതും അമിതഭാരമുള്ള വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിനും നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചെക്പോസ്റ്റിനായുള്ള പ്രൊപ്പോസല്‍ നല്‍കുന്നതിന് ആര്.ടി.ഒയ്ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. റോഡ് മാര്‍ഗം ഡിസംബറില്‍ തമിഴ്നാട്ടില്‍ നിന്നും അമിതഭാരത്തോടെ കരിങ്കല്ല് കയറ്റി സഞ്ചരിച്ചതായ മൂന്ന് ട്രക്കുകള്‍ പിടികൂടി 65,000 രൂപ പിഴ ഈടാക്കിയതായും ഈ വിഷയത്തെ കൊഴിഞ്ഞാമ്പാറ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതായും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. മീനാക്ഷിപുരം കല്യാണപ്പേട്ട, ചിറ്റൂര്‍, പാലക്കാട് റൂട്ടില്‍ കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഷെഡ്യൂള്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന് വകുപ്പ് പ്രതിനിധി അറിയിച്ചു.
മുതലമട ഗ്രാമപഞ്ചായത്തിലെ തേക്കടി അല്ലി മൂപ്പന്, കുരിയാര്‍കുറ്റി കോളനികളില്‍ വൈദ്യുതി കണക്ഷന് കേബിള്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സോളാര്‍ പ്ലാന്റ് ഉണ്ടെന്നും പട്ടികവര്‍ഗ്ഗ വികസന വകുപ്പും കെ.എസ്.ഇ.ബിയും സംയുക്തമായി വൈദ്യുതി കണക്ഷന് കേബിള്‍ സ്ഥാപിക്കുന്നത് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും എല്‍.എസ്.ജി.ഡി പ്രതിനിധി അറിയിച്ചു. പറമ്പിക്കുളം ചെമ്മണാംപതി റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് നിലവിലെ റോഡ് ജീപ്പ് പോകുന്ന രീതിയിലേക്ക് ആക്കുന്നതിന് ഡി.എഫ്.ഒ നെന്മാറയും എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എന്‍ജിനീയറും ചേര്‍ന്ന് ആക്ഷന്‍ എടുക്കണമെന്നും ഇ.ഇയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് തലത്തില്‍ അത് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
അംബേദ്കര്‍ ഗ്രാമം പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് യോഗത്തില്‍ ആവശ്യപ്പെട്ടു. കുന്നംകാട്ടുപതി, മലഞ്ചിറ കോളനികളുടെ പണിപൂര്‍ത്തിയായതിനാല്‍ ഉദ്ഘാടനം വേഗത്തിലാക്കണം. മീനാക്ഷിപുരം ഐ.ടി.ഐയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കണം. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി (ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി) യോഗം ശനിയാഴ്ചകളിലാക്കണമെന്നും ജീവനക്കാരുടെ നിയമനം എംപ്ലോയ്മെന്റ് വഴിയാക്കണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു. ചാലിശ്ശേരി പോലീസ് സ്റ്റേഷന് പൊളിച്ച് പുതിയത് പണിയണമെന്നും പട്ടിത്തറ, മലവട്ടത്താണിയിലും ചാലിശ്ശേരി പഞ്ചായത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തായും ഓരോ കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി എസ്.എം.കെ തങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.