വയനാട്: കഴിഞ്ഞ രണ്ടു വര്‍ഷമായി മുത്തങ്ങയിലെ ആനപ്പന്തിയില്‍ കഴിഞ്ഞിരുന്ന ഭരതന്‍ എന്നു പേരുള്ള കല്ലൂര്‍ കൊമ്പന് മോചനം. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് ആനയെ കൂട്ടില്‍ നിന്നു പുറത്തിറക്കിയത്. ഒമ്പതിനു തന്നെ ആനയെ പുറത്തിറക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നു. പാപ്പാന്‍മാരായ ചന്ദ്രന്‍, ബാബു, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ ഗജപൂജ നടത്തി കൊമ്പന്റെ നെറ്റിയില്‍ കളഭം ചാര്‍ത്തി, പത്തോടെ കൂട്ടില്‍ നിന്നു പുറത്തിറക്കി. വന്യജീവി വിഭാഗം ചീഫ് കണ്‍സര്‍വേറ്റര്‍ ആന്‍ഡ് ഫീല്‍ഡ് ഡയറക്ടര്‍ എന്‍. അഞ്ജന്‍കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇനി കല്ലൂര്‍ കൊമ്പന്‍ അര്‍ദ്ധ വന്യാവസ്ഥയില്‍ മുത്തങ്ങ പന്തിയോട് ചേര്‍ന്ന പ്രദേശത്ത് വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ കഴിയും.
ജനവാസകേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കര്‍ഷകനെ ആക്രമിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ 2016 നവംബര്‍ 22ന് ആണ് കല്ലൂര്‍ 67 -ലെ വനമേഖലയില്‍ നിന്ന് മയക്കുവെടി വച്ച് പിടികൂടി കല്ലൂര്‍ കൊമ്പനെ കൂട്ടിലടച്ചത്. അന്ന് കൊമ്പനെ പിടികൂടി കൂട്ടിലടച്ചു പറമ്പിക്കുളം കടുവാസങ്കേതത്തില്‍ തുറന്നു വിടാനായിരുന്നു ഉത്തരവ്. എന്നാല്‍, മുതലമട, പറമ്പിക്കുളം, ആനമല എന്നിവിടങ്ങളില്‍ പൊതുജനങ്ങളും ജനപ്രധിനിതികളും വലിയ എതിര്‍പ്പുയര്‍ത്തി. 2017 ഫെബ്രവരി 12നു കൊമ്പനെ തുറന്നുവിടാനുള്ള ശ്രമം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സ്വാഭാവിക ആവാസവ്യവസ്ഥയിലേക്കു തിരികെ വിടുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചെങ്കിലും വീണ്ടും കാട്ടില്‍ തുറന്നുവിടുന്നത് ഉചിതമല്ലെന്നും അര്‍ദ്ധ വന്യമായ ആവാസവ്യവസ്ഥയില്‍ തുറന്നുവിടുകയോ കുങ്കിയാനയാക്കി മാറ്റിയെടുക്കുകയോ ചെയ്യണമെന്നാണ് അന്നു സമിതി നിര്‍ദേശിച്ചത്. രണ്ടു വര്‍ഷമായി കൂട്ടില്‍ കഴിയുന്ന കല്ലൂര്‍ കൊമ്പന്‍ പുറത്തിറങ്ങിയാല്‍ ഉണ്ടാകുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്തു മുന്‍കരുതലിനായി ആനക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും പാപ്പാന്‍മാര്‍ക്ക് ഇന്‍ഷുര്‍ പരിരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഇനി മൂന്ന് ആഴ്ചക്കാലം ആനയെ ഇവിടെ നിരീക്ഷിച്ചതിനു ശേഷം പന്തിയില്‍ മറ്റ് ആനകള്‍ക്കൊപ്പം ചേര്‍ക്കുമെന്ന് സി.സി.എഫ് അഞ്ജന്‍കുമാര്‍ പറഞ്ഞു. ആനയെ പുറത്തിറക്കുന്നതിന് വന്യജീവി സങ്കേതം മേധാവി എന്‍.ടി. സാജന്‍, ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ പി. ധനനേഷ് കുമാര്‍, ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ പി. സുനില്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ അരുണ്‍ സക്കറിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.