നല്ലൂർനാട് അംബേദ്കർ സ്മാരക മോഡൽ റസിഡൻഷ്യൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെയും കോഴിക്കോട് പൂക്കാട് കലാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നല്ലൂർനാട് അംബേദ്ക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ വർണോത്സവം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്കുള്ള കഴിവുകളെ പരിപോഷിപ്പിക്കുന്ന കലാ ക്യാമ്പിൻ്റെ ഉദ്ഘാടനം പത്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു. മണ്ണിനേയും കൃഷിയെയും അറിഞ്ഞ് സ്വയം ഭക്ഷണം പാകം ചെയ്യാനറിഞ്ഞ് ജീവിക്കുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാകുന്നതെന്നും മണ്ണിൽ നിന്ന് പറിച്ച് മാറ്റപ്പെട്ടതാണ് സാമ്പ്രദായിക വിദ്യാഭ്യാസത്തിൻ്റെ പരിമിതിയെന്നും പത്മശ്രീ ചെറുവയൽ രാമൻ അഭിപ്രായപ്പെട്ടു.
200ൽ പരം ഗോത്രവർഗ വിദ്യാർത്ഥികൾക്ക് നാടകം, സംഗീതം, നൃത്തം, ചിത്രകല, കരകൗശലം എന്നീ വിഷയങ്ങളിൽ കലാലയം ആർട്ടിസ്റ്റുകൾ പരിശീലനം നൽകി. സ്കൂൾ കെട്ടിടത്തെ പഠന സഹായിയും പഠനോപകരണവുമാക്കി മാറ്റുന്ന വിദ്യാഭ്യാസ പ്രോജക്റ്റിന്റെ ഭാഗമായി പാഠ്യവിഷയങ്ങളും ഗോത്രവർഗ്ഗ പാരമ്പര്യ സൂചകങ്ങളും സ്കൂൾ കെട്ടിട ഭിത്തിയിൽ ആലേഖനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് വി.ആർ ആശ അധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ സി എഫ് ജോൺ മുഖ്യ പ്രഭാഷണം നടത്തി. പരിശീലന കളരിക്ക് കലാലയം ആർട്ടിസ്റ്റുകളായ ആർട്ടിസ്റ്റ് യു.കെ രാഘവൻ, കെ.ടി രാധാകൃഷ്ണൻ, എ.കെ രമേശ് ,സുരേഷ് ഉണ്ണി, കെ.വി ബിജു, സുനിൽ തിരുവങ്ങൂർ, എം പ്രസാദ്, സജേഷ്, പുരുഷു ഉള്ളിയേരി, പി.കെ പ്രശാന്ത്, രജനി, റെനീഷ് , മിജ, അനുപ്രഭ ,സന്ധ്യ , ഡോക്ടർ ലജ്ന, നികേഷ്, കണ്ണൻ, മിഥുൻ, ശ്രീലക്ഷ്മി , എ അബൂബക്കർ, ആദിത്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
വർണ്ണോത്സവത്തിൻ്റെ സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വിജയൻ, ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ സി ഇസ്മയിൽ, സീനിയർ സൂപ്രണ്ട് ടി പി ശ്രീകല, ആർട്ടിസ്റ്റ് സുരേഷ് ഉണ്ണി, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഷാജി എബ്രഹാം, യു കെ രാഘവൻ,
ശിവദാസ് കാരോളി, എം രാജു, എം.ജി ഉണ്ണി കൃഷ്ണൻ എന്നിവർ സംസാരിച്ചു.