ആലുവ മഹാശിവരാത്രിയോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന. ശിവരാത്രിയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ആലുവ മണപ്പുറത്ത് ആഘോഷങ്ങള്‍ കഴിയുന്നതു വരെ പോലീസിന്റെ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ഇവിടെ 24 മണിക്കൂറും പോലീസ് സേവനം ലഭ്യമാകും. സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്താന്‍ പത്ത് ഡി.വൈ.എസ്.പി.മാര്‍ സുരക്ഷാ ചുമതലയിലുണ്ടാകും. മൂന്നു ജില്ലകളില്‍ നിന്നുള്ള പോലീസ് സേനയുടെ സേവനം സജ്ജമാക്കും. ഗതാഗതക്കുരുക്കും ജനത്തിരക്കും നിയന്ത്രിക്കാന്‍ വിപുലമായ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ വകുപ്പുകളുടെ ഏകോപനവും വിവിധ വകുപ്പുകള്‍ നടപ്പിലാക്കേണ്ട മുന്നൊരുക്ക പ്രവൃത്തികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഏറ്റവും മികച്ച രീതിയില്‍ പരിപാടി നടപ്പിലാക്കാന്‍ എല്ലാവരും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആലുവ നഗരസഭ ചെയര്മാന് എം.ഒ ജോണ്‍ , തഹസീല്‍ദാര്‍ രമ്യ.എസ്.നമ്പൂതിരി, ഡിവൈഎസ്പി മാരായ എ. പ്രസാദ്, വി.എസ്.നവാസ്, അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ജെറി ജോസഫ്, മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ ജെറിന് ജോസ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അജിത് കുമാര്‍, കെ.എസ്.ഇ.ബി ഓഫീസര്‍ കെ എ പ്രദീപ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.വി സരള, എക്സൈസ് ഇന്‍സ്പെക്ടര്‍ എം.സുരേഷ് ,ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ഐ.ബിരഘു, വാട്ടര്‍ അതോറിറ്റി എ.ഇ. സൗമ്യ സുകുമാരന്‍, പി ഡബ്ലിയു ഓവര്‍സിയര്‍ ടി.കെ സ്മിത, ഫയര്‍ ആന്റ് സേഫ്റ്റി ഓഫീസര്‍ സി.ജി ഷാജി, ഹെല്‍ത്ത് ഓഫീസര്‍ ജി.സുനിമോള്‍, എം.വി.ഐ താഹിറുദ്ദീന്‍,തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.