ഹൈബി ഈഡൻ എംപിയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പട്ടിക വർഗ വിഭാഗത്തിൻ്റെ വികസനത്തിനായി നാലു വാഹനങ്ങൾ കൈമാറി. സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.
എറണാകുളം മാമലക്കണ്ടം എസ്.എം.എൽ.പി സ്കൂളിന് ബസ്, ഇടുക്കി മൂലമറ്റത്ത് മെഡിക്കൽ ക്യാംപ് ഉപയോഗത്തിനായി മൊബൈൽ മെഡിക്കൽ യൂണിറ്റ്, മറയൂർ, കാന്തല്ലൂർ ഗ്രാമപഞ്ചായത്തുകൾക്ക് ആംബുലൻസ്, മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്കൂളിന് ജീപ്പ് എന്നിവയാണ് കൈമാറിയത്. 62,89,891 രൂപയാണ് വാഹനങ്ങൾക്കായി ചെലവഴിച്ചത്.
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ വി.ഇ അബ്ബാസ്, എറണാകുളം ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസർ അനിൽ ഭാസ്കർ, ഇടുക്കി ഐ.ടി.ഡി.സി പ്രൊജക്റ്റ് ഓഫീസർ വി.അനിൽകുമാർ, അടിമാലി ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എസ്.എ നജീം, എസ്.എം.എൽ.പി.എസ് ഹെഡ്മിസ്ട്രസ് പ്രീതി ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.