ആയുഷ് മേഖലയുടെ വികസനത്തിന് 532.51 കോടി അനുവദിച്ചെന്ന് മന്ത്രി വീണാ ജോർജ്ജ്
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 532.51 കോടി രൂപ ആയുഷ് മേഖലയുടെ വികസനത്തിനു വേണ്ടി അനുവദിച്ചതായും ഇത് കഴിഞ്ഞ വർഷങ്ങളെക്കാൾ മൂന്നിരട്ടിയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ വർഷം ഹോമിയോപ്പതി വിഭാഗത്തിൽ 40 മെഡിക്കൽ ഓഫീസർ തസ്തികളും ആയുർവേദത്തിൽ 116 തസ്തികളും സൃഷ്ടിച്ചു. ജില്ലയിൽ ആയുഷ് മിഷൻ സ്കീമിൽ ഉൾപ്പെടുത്തി പുറമേരി ഹോമിയോ ആശുപത്രിയ്ക്ക് ഒരു കോടി രൂപയും ജില്ലാ ഹോമിയോ ആശുപത്രിയുടെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ പ്രവർത്തനങ്ങൾക്കായി 15 ലക്ഷവും അനുവദിച്ചു. ജി എച്ച് ഡി താമരശ്ശേരി, ഓമശ്ശേരി, കുരുവട്ടൂർ, വട്ടച്ചിറ എന്നീ നാല് ഹോമിയോ ഡിസ്പെൻസറികൾക്ക് 30 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസർ കവിത പുരുഷോത്തമൻ മുഖ്യാതിഥിയായി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അനീന പി ത്യാഗരാജ് റിപ്പോർട്ട് അവതരിപ്പിച്ചു.
1.12 കോടി രൂപ ചെലവഴിച്ചാണ് കൊയിലാണ്ടി നഗരസഭ ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പുതിയ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ചത്. പാലിയേറ്റീവ് രോഗികളുടെ കിടത്തി ചികിത്സ, പുതിയ എൻ എ എം പദ്ധതിയായ ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രോജക്ട്, വയോജന ഒ പി എന്നിങ്ങനെയുള്ളവരുടെ ചികിത്സാ സൗകര്യത്തിനാണ് ഈ പുതിയ ബ്ലോക്ക് ഉപയോഗിക്കുക.
കിടത്തി ചികിത്സക്കായി സ്ത്രീ, പുരുഷ വാർഡുകൾ, ഫിസിയോതെറാപ്പി വാർഡുകൾ എന്നിവിടങ്ങളിൽ അഞ്ച് വീതം ബെഡുകൾ ഉൾപ്പെടെ 25 ബെഡ് ഉള്ള ഐപി സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ട് ഒ.പി റൂമുകൾ, ഭിന്നശേഷി-സൗഹൃദ ടോയ്‌ലറ്റ് & ഹാൻഡ് വാഷ് ഏരിയ, ഭിന്നശേഷി-സൗഹൃദ പ്രവേശന കവാടം, ഭാവിയിലേക്ക് ലിഫ്റ്റ് ഫിറ്റ് ചെയ്യുവാനുള്ള സൗകര്യം, ഇന്റർലോക്ക് കട്ടകൾ പാകിയ വിശാലമായ കാർ പാർക്കിംഗ് ഏരിയ, റിസപ്ഷൻ-വെയ്റ്റിംഗ് ഏരിയ, ഫാർമസി എന്നിവ പുതിയ കെട്ടിടത്തിന്റെ പ്രത്യേകതകളാണ്.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ എ ഇന്ദിര, കെ ഷിജു, സി പ്രജില, ഇ കെ അജിത്ത്, നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, കെ കെ വൈശാഖ്, രജീഷ് വെങ്ങളത്ത്കണ്ടി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് സ്വാഗതവും ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. കെ സി പ്രതിഭ നന്ദിയും പറഞ്ഞു.