ശബ്ദം ഉയർത്തുന്ന സ്ത്രീകൾക്കെതിരേ കുടുംബത്തിൽനിന്നും സമൂഹത്തിൽ നിന്നുമുണ്ടാകുന്ന എതിർപ്പുകളുടെ ആയിരം മടങ്ങാണ് സമൂഹമാധ്യമങ്ങളിൽ നിന്നുണ്ടാകുന്നതെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച ദേശീയ വനിതാമാധ്യമപ്രവർത്തക കോൺക്ലേവിനോടനുബന്ധിച്ച് നടന്ന ‘സമൂഹമാധ്യമങ്ങളിലെ സ്ത്രീ’ എന്ന വിഷയത്തിലെ സെമിനാർ. സമൂഹത്തിന്റെ പരിച്ഛേദമാണ് സമൂഹമാധ്യമങ്ങളിലും കാണുന്നതെന്നും പുരുഷാധിപത്യസമൂഹം രൂപപ്പെടുത്തിയ പൊതുബോധത്തെ ഉടച്ചുവാർത്തുകൊണ്ടേ സമൂഹമാധ്യമങ്ങളിൽ ശുദ്ധീകരണം സാധ്യമാകൂ എന്നും സെമിനാറിൽ അഭിപ്രായമുയർന്നു. സൈബർ ആക്രമണമങ്ങൾക്കെതിരേയുള്ള പരാതികളിൽ കൂടുതൽ വേഗത്തിലുള്ള പരിഹാരത്തിന് സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു.

സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങൾക്കെതിരേയുള്ള സംഘടിതമായ ബലാത്സംഗ ഭീഷണികൾക്കും ട്രോൾ ആർമികൾക്കും കോർപറേറ്റ് സ്വഭാവമാണുള്ളതെന്ന് എഴുത്തുകാരിയായ മീന കന്ദസാമി പറഞ്ഞു. ഇതിനെ പുരുഷത്വത്തിന്റെ ശക്തിപ്രകടനമായൊന്നും കാണേണ്ടതില്ല. സമൂഹമാധ്യമങ്ങളെ ആരാണ് നിയന്ത്രിക്കുന്നത് എന്നതാണ് ചിന്തിക്കേണ്ടതെന്നും മീന കന്ദസാമി പറഞ്ഞു. സമൂഹമാധ്യമങ്ങൾ ശരിക്കും യുദ്ധഭൂമികയാണെന്നും അവർ പറഞ്ഞു.

ഐ.ടി. ആക്ട് 66 എ വകുപ്പ് റദ്ദാക്കിയത് എന്തും വിളിച്ചുപറയാനുള്ള അവകാശമായി ആളുകൾ തെറ്റിദ്ധരിക്കുന്നുണ്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷയായ പി. സതീദേവി ചൂണ്ടിക്കാട്ടി. മറ്റുള്ളവരുടെ മാനാഭിമാനത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ ഉയർന്നുവരുന്നുണ്ട്. 66എ വകുപ്പ് ഭേദഗതികളോടെ നിലനിർത്താനായെങ്കിൽ ഓൺലൈൻ ആക്രമണങ്ങൾക്കെതിരേ നിയന്ത്രണങ്ങൾ സാധ്യമാകുമായിരുന്നു എന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

ജനാതിപത്യ ഇടങ്ങളായാണ് സമൂഹമാധ്യമങ്ങൾ തുടക്കത്തിൽ കരുതപ്പെട്ടിരുന്നതെങ്കിൽ സംഘടിതമായ ആക്രമണങ്ങളുടെ വരവോടെ അത് മോശപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ട്രൂകോപ്പി ഓൺലൈൻ മാസികയുടെ എഡിറ്റർ മനില സി. മോഹൻ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകൾ സമൂഹമാധ്യമങ്ങളിൽ ആക്രമണം നേരിടുമ്പോൾ അവർക്ക് സംരക്ഷണം ഒരുക്കാൻ അവരുടെ അനുഭാവികളുടെയെങ്കിലും പിന്തുണയുണ്ട്. എന്നാൽ മാധ്യമപ്രവർത്തകരായ സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ആക്രമണങ്ങളിൽ സഹപ്രവർത്തകർ പോലും പിന്തുണ നൽകാറില്ലെന്നും ഒറ്റയ്ക്ക് തന്നെ പോരാടേണ്ടിവരുമെന്നും അവർ പറഞ്ഞു.

സ്ത്രീകളുടെ ശരീരം കൂടിയാണ് സമൂഹമാധ്യമങ്ങളിൽ ആക്രമണത്തിന് വിധേയമാക്കുന്നതെന്ന 24 ന്യൂസ് അസോഷ്യേറ്റ് എഡിറ്റർ സ്മിത ഹരിദാസ് പറഞ്ഞു. സമൂഹത്തിന്റെ ചട്ടത്തിന് അനുസരിച്ച് നിൽക്കാത്തവർക്ക് സമൂഹമാധ്യമങ്ങളിലൂടെ ആക്രമണം നേരിടേണ്ടിവരും. കരുത്താർജിച്ചുനിൽക്കുക എന്നതാണ് സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങളെ അതിജീവിക്കാനുള്ള മാർഗമെന്നും സ്മിത ഹരിദാസ് പറഞ്ഞു.

യുവതലമുറ ഫെയ്സ്ബുക്കിൽ നിന്ന് ഇൻസ്റ്റഗ്രാമിലേക്ക് കുടിയേറിയെന്ന് പറയുമ്പോൾ അത് പുരോഗമനമല്ല അങ്ങേയറ്റം പിന്തിരപ്പൻ മൂല്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയുണ്ടെന്ന് മാതൃഭൂമി ദിനപത്രത്തിലെ ന്യൂസ് എഡിറ്ററായ എൻ. സുസ്മിത ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകൾക്ക് മുമ്പേ പടിയിറക്കിവിട്ട പല അനാചാരങ്ങളും റീലുകളായി തിരിച്ചുവരുന്നതിന് ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയൊരുക്കുന്നതു കാണാതെ പോകരുതെന്ന് സുസ്മിത ചൂണ്ടിക്കാട്ടി. സൈബർ ആക്രമണങ്ങളുടെ കാര്യത്തിൽ ജുഡീഷ്യറി കൃത്യമായ നിലപാടുകൾ എടുക്കുന്നുണ്ടെന്ന് സമീപകാലത്തെ കോടതി വിധികൾ ചൂണ്ടിക്കാട്ടി നിയമകാര്യ ലേഖികയായ ശബ്ന സിയാദ് പറഞ്ഞു. ടാഗോർ തിയേറ്ററിൽ നടന്ന ചർച്ചയിൽ സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ് അയ്യർ മോഡറേറ്ററായിരുന്നു.