ഒരാള്‍ അമ്പത് രൂപ വീതം മുടക്കിയപ്പോള്‍ നാണിക്ക് കിട്ടിയത് അഞ്ച് ലക്ഷത്തിന്റെ കിടപ്പാടം. പന്തളം നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സുമനസുകളുടെ കാരുണ്യത്താലാണ് പൂഴിക്കാട് തെക്കേചരുവില്‍ എഴുപത് വയസുകാരിയായ നാണിക്ക് കൂടാരമൊരുക്കിയത്. രോഗിയായ മകളെയും മരിച്ചു പോയ മകന്റെ ഭാര്യയെയും സംരക്ഷിക്കുന്ന നാണിക്ക് കയറിക്കിടക്കാന്‍ ഒരു കൂര പോലും ഉണ്ടായിരുന്നില്ല. നാണിയുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ട കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീദേവിക്ക് തോന്നിയ ഉപായമാണ് നാണിക്ക് വീടൊരുക്കാന്‍ സഹായകരമായത്. നഗരസഭയിലെ 350 കുടുംബശ്രീ യൂണിറ്റിലെ 6000 അംഗങ്ങള്‍ 50 രൂപ വീതം പിരിവിട്ടപ്പോള്‍ മൂന്ന് ലക്ഷം രൂപ ലഭിച്ചു. പണി ആരംഭിച്ച് ചെലവേറിയപ്പോള്‍ കുടുംബശ്രീയുടെ ലാഭത്തില്‍ നടക്കുന്ന ചില യൂണിറ്റുകള്‍, വ്യക്തികള്‍ എന്നിവര്‍ അധികസഹായവുമായി എത്തി. സിമന്റും കതകും ജനാലയുമൊക്കെ വാങ്ങിനല്‍കി. സഹായമായി നഗരസഭ കൗണ്‍സിലര്‍ കെ. സീനയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. നാണിയുടെ മകന്റെ രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ചുമതലയും കുടുംബശ്രീ ഏറ്റെടുത്തു. പെണ്‍കൂട്ടായ്മ നാണിക്ക് വേണ്ടി പണിത വീടിന്റെ താക്കോല്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ കൈമാറി. പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ സതി മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ വി.എസ് സീമ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയര്‍മാന്‍ ഡി. രവീന്ദ്രന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആനി ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ എ. രാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.