കർഷകരുമായുള്ള ആത്മബന്ധം കാർഷികസർവകലാശാലകളുടെ പ്രവർത്തനത്തിന് കരുത്തേകും: മന്ത്രി പി. പ്രസാദ്

കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് പിൻതുണ നൽകുന്ന കെ-അഗ്‌ടെക് ലോഞ്ച്പാഡ് പദ്ധതിയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിച്ചു. കാർഷിക മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് ഇൻക്യുബേഷൻ പിന്തുണയും ആശയവൽക്കരണത്തിൽ നിന്ന് വിപണിയിലെത്തിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ നൽകൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കേരള കാർഷിക സർവകലാശാലയിൽ ആരംഭിക്കുന്ന പദ്ധതിയാണ് കെ-അഗ്‌ടെക് ലോഞ്ച് പാഡ്. കേരള കാർഷിക സർവ്വകലാശാലയും നബാർഡും വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

നബാർഡിന്റെ ഗ്രാമീണ ബിസിനസ്സ് ഇൻക്യുബേഷൻ സെന്റർ (ആർ.ബി.ഐ.സി) പദ്ധതിയായി 2025 മുതൽ അഞ്ചുവർഷത്തേക്ക് 1457.5 ലക്ഷം രൂപയാണ് ഈ സംരംഭത്തിനായി വകയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ഒരു ഹൈടെക് കൃഷി യൂണിറ്റ് വെള്ളായണി കാർഷിക കോളേജിൽ സ്ഥാപിക്കും.

കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവ്, വൈവിധ്യവൽക്കരണം എന്നിവയിലൂടെ കർഷകരുടെയും സംരംഭകരുടെയും വരുമാന വർദ്ധനവിനുള്ള സാധ്യത ഉറപ്പുവരുത്തുക, കാർഷിക മേഖലയിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ സാങ്കേതിക സാമ്പത്തിക പിന്തുണ നൽകുകയും ഇൻക്യുബേഷന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുക, സ്ത്രീ സംരംഭകർക്ക് പ്രാമുഖ്യം നൽകി അവരെ ശാക്തീകരിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പിലാക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ വിവിധ വിളകളിലെ കൃത്യതാ കൃഷിക്കുള്ള സാങ്കേതിക വിദ്യകൾ ഉരുത്തിരിച്ചെടുക്കുക എന്നിവയൊക്കെയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പുതിയ കാലത്തെ പ്രതിസന്ധികളെ തരണം ചെയ്യാൻ കർഷകരെ പ്രാപ്തരാക്കാനും കർഷകരുമായി ആത്മബന്ധം പുലർത്താനും കാർഷിക സർവകലാശക്ക് കഴിയണമെന്നും ഇത് മുന്നോട്ടുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. 15 കോടി രൂപയുടെ ഗ്രാന്റ് ഒരു പദ്ധതിക്ക് കേരളത്തിൽ ലഭിക്കുന്ന ആദ്യ സർവകലാശാലയാണ് കേരള കാർഷിക സർവകലാശാല. കാർഷിക സർവകലാശാല പ്രോചാൻസലർ എന്ന പദവിയിലെത്തുമ്പോൾ തന്റെ കരുത്ത് കൃഷിയുമായുള്ള ആത്മബന്ധവും ആ മേഖലയോടുള്ള താൽപര്യവുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

50 വർഷങ്ങളായി കാർഷിക സർവകലാശാല നേടിയ നേട്ടങ്ങൾ, നേരിടുന്ന പ്രതിസന്ധികളെല്ലാം ആദ്യ ഘട്ടത്തിൽ തന്നെ സ‍ര്‍ക്കാര്‍ സൂക്ഷ്മമായി പരിശോധിച്ചു. സർവകലാശാലയുടെ റാങ്കിംഗ്, സർവകലാശാല കൊണ്ട് കർഷകർക്കുണ്ടാകുന്ന പ്രയോജനം എന്നിവയും പരിശോധിച്ച് നടപടികൾ സ്വീകരിച്ചു. ഇന്ന് ദേശീയ തലത്തിൽ 15-ാം റാങ്കിലേക്ക് കേരള കാർഷിക സർവകലാശാല എത്തുകയും 15 പേറ്റന്റുകൾ നേടുകയും ചെയ്തു എന്നത് അഭിമാനകരമാണ്. കർഷക മേഖലയിലെ സംരഭകർ അഗ്രിപ്രണഴ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന കാലമാണിത്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും നേരിടേണ്ടി വരുന്ന കാലത്ത് കേരളത്തിലെ കർഷകരുടെ പ്രതീക്ഷയാണ് കാർഷിക സർവകലാശാല. വേഗത്തിൽ വിളവെടുക്കാൻ കഴിയുന്ന കൃഷിരീതികളും സാങ്കേതിക അറിവുകളും കർഷകർക്ക് നൽകുക എന്ന ദൗത്യം സർവകലാശാല നിറവേറ്റുന്നു.

കാർഷിക ഉൽപ്പന്നങ്ങളുടെ വിപണന സഹായത്തിനായും കാർഷിക ബിസിനസ് സംരഭങ്ങൾക്കുമായാണ് KAPCO എന്ന ആശയത്തിലേക്ക് സംസ്ഥാന സർക്കാർ എത്തുന്നത്. വിളവെടുക്കലിന് ശേഷം വിലയിടിവ്, വിപണനത്തിലെ ഏകോപന കുറവ് എന്നീ വിവിധ കാരണങ്ങൾ കൊണ്ട് ഒരു വർഷം 1,500 കോടി രൂപയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിക്കുന്നു എന്നാണ് കണക്ക്. ഇതിൽ 1,400 കോടി രൂപയുടെ നഷ്ടം കർഷകന്റെയാണ് എന്നത് ഗൗരവകരമാണ്. ദ്വിതീയ കാർഷിക മേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് മൂല്യ വർധിത ഉൽപ്പനങ്ങളുടെ നിർമാണം, കോൾഡ് സ്റ്റോറേജ് സംവിധാനങ്ങടക്കം ഉപയോഗിച്ച് കാർഷിക ഉൽപ്പന്നങ്ങളുടെ സംരക്ഷണം, വിപണനം എന്നിവ ശക്തമാക്കിയാകണം നഷ്ടം ഇല്ലാതാക്കേണ്ടത്. ഇതിനായി ബിസിനസ് സ്റ്റാർട്ടപ്പുകൾ വരണം എന്നതാണ് സർക്കാർ നിലപാട്. ഈ പശ്ചാത്തലത്തിൻ കാർഷിക മേഖലയിലെ ബിസിനസ് ആശയങ്ങൾക്കും സംരഭങ്ങൾക്കുമുള്ള മികച്ച വേദിയായി കെ-അഗ്ടെക് ലോഞ്ച്പാഡ് മാറും. സ്ത്രീ സംരഭകർക്ക് പ്രാമുഖ്യം നൽകുന്നു എന്നത് ഈ പദ്ധതിയുടെ പ്രത്യേകതയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജന്റസടക്കമുള്ള നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാർഷിക മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയണം. സിഡ്‌നി വെസ്റ്റേൺ സർവകലാശാല, നബാർഡടക്കം ഈ സംരഭത്തിന് പിൻതുണ നൽകുന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

വെള്ളായണി കാർഷിക സർവകലാശാല ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു.