ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണ വലയമൊരുക്കുകയാണ് കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍. മികച്ച പരിചരണം, ആരോഗ്യ പ്രവര്‍ത്തകരുടെ പിന്തുണ, വൃത്തിയുള്ള ശുചിമുറികള്‍, വാര്‍ഡുകള്‍ തുടങ്ങിയവയൊരുക്കിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മികവിന്റ കേന്ദ്രങ്ങളായിരിക്കുന്നത്.

അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സഖി കോംപ്ലക്സിലൂടെ ഗര്‍ഭിണികളുടെ മാനസിക പിരിമുറുക്കം കുറച്ച് പ്രസവം സാധ്യമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ മാത്രമുണ്ടായിരുന്ന സൗകര്യമാണ് ഇതിലൂടെ സാധാരണക്കാര്‍ക്കും ലഭ്യമാകുന്നത്. പ്രസവമുറിയുടെയും ഓപറേഷന്‍ തിയേറ്ററിന്റെയും ഗുണമേന്മ ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ‘ലക്ഷ്യ’ അംഗീകാരം ജില്ലയില്‍ കോട്ടപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി, ഐഎംസിഎച്ച് കോഴിക്കോട്, സര്‍ക്കാര്‍ ജനറല്‍ ആശുപത്രി എന്നിവക്ക് ലഭിച്ചിട്ടുണ്ട്.

വളര്‍ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി എംഎന്‍സിയു, എന്‍ഐസിയു സംവിധാനങ്ങളും ലഭ്യമാണ്. അമ്മയുടെ മുലപ്പാല്‍ ലഭ്യമാവാത്ത ശിശുക്കള്‍ക്ക്, പ്രത്യേകിച്ച് തീവ്ര പരിചരണം ആവശ്യമുള്ള തൂക്കക്കുറവുള്ള ശിശുക്കള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മുലപ്പാല്‍ ബാങ്ക് സൗകര്യം മെഡിക്കല്‍ കോളേജിലും കോട്ടപറമ്പ് അമ്മയുടെയും കുഞ്ഞിന്റെയും ആശുപത്രിയിലെ ലാക്റ്റേഷന്‍ മാനേജ്മെന്റ് യൂണിറ്റിലും ഒരുക്കിയിട്ടുണ്ട്.

പത്ത് കോടി രൂപയുടെ എംസിഎച്ച് ബ്ലോക്ക്, 1.44 കോടി രൂപ ചെലവിട്ട് പ്രസവ വിഭാഗം ലക്ഷ്യ സ്റ്റാന്‍ഡേര്‍ഡില്‍ ഉയര്‍ത്തിയത് എന്നിവ കുട്ടികളുടെയും അമ്മയുടെയും ആശുപത്രിയില്‍ നടന്ന പ്രവൃത്തികളാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ 3.5 കോടി രൂപ ചെലവില്‍ നിര്‍മിച്ച പ്രസവ യൂണിറ്റ്, കോട്ടപറമ്പ് ആശുപത്രിയിലെ ഓക്സിജന്‍ പ്ലാന്റ് എന്നിവ ജില്ലയില്‍ മാതൃ-ശിശു സംരക്ഷണം മുന്‍നിര്‍ത്തി നടന്ന പ്രധാന പ്രവര്‍ത്തനങ്ങളാണ്.

പ്രസവശേഷം അമ്മക്കും കുഞ്ഞിനും വീടുകളില്‍ പോകാന്‍ വാഹനങ്ങള്‍ ഒരുക്കിനല്‍കുന്ന ‘മാതൃയാനം’ പദ്ധതി ആറു സര്‍ക്കാര്‍ ആശുപത്രികളില്‍ നടപ്പാക്കിവരുന്നു. മാതൃയാനം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ജിപിഎസ് സംവിധാനം വഴി അമ്മയും കുഞ്ഞും സുരക്ഷിതമായി വീടുകളില്‍ എത്തുന്നുവെന്ന് ഉറപ്പ് വരുത്തുന്നുമുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം 31,924 പേര്‍ക്കാണ് ഈ സൗകര്യം ജില്ലയില്‍ ലഭ്യമായത്. ഗര്‍ഭിണികള്‍ക്കും ശിശുക്കള്‍ക്കും സമ്പൂര്‍ണ സംരക്ഷണം ഒരുക്കുന്ന കേരള മാതൃകയുടെ മികച്ച ഉദാഹരണം കൂടിയാവുകയാണ് കോഴിക്കോട്ടെ സര്‍ക്കാര്‍ ആശുപത്രികള്‍.