സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26-ലെ ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താൽക്കാലിക പട്ടിക (പ്രൊവിഷണൽ ലിസ്റ്റ്) www.dhsetransfer.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേൽ പരാതികൾ മെയ് 24 നകം dhsetransfer@kite.kerala.gov.in എന്ന ഇ-മെയിലിൽ സമർപ്പിക്കണം. മെയ് 31 നകം ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) മേൽനോട്ടത്തിൽ നടന്നുവരികയാണ്.
പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യാൻ നിരവധി അവസരങ്ങൾ നൽകിയിട്ടും അവ കൃത്യമാക്കാത്തതുമൂലം അധ്യാseപകരുടെ സേവന കാലയളവ് ലിസ്റ്റിൽ കുറവായി കാണുന്നുവെങ്കിൽ അത്തരം പരാതികൾ ഇനി പരിഗണിക്കില്ല. പരിരക്ഷിതം, മുൻഗണന, അനുകമ്പാർഹം വിഭാഗത്തിൽ തെറ്റായ വിവരങ്ങളും രേഖകളും നല്കി ആനുകൂല്യം പറ്റുന്നവർ ലിസ്റ്റിലുണ്ടെങ്കിൽ അതിനെതിരെ മറ്റുളളവർക്കും പരാതി നൽകാം. പ്രിൻസിപ്പൽമാർ ഫോർവേഡ് ചെയ്ത മുൻഗണനാ വിഭാഗത്തിലെ അപേക്ഷകൾ മതിയായ രേഖകൾ ഇല്ല എന്ന് പിന്നീട് കണ്ടെത്തിയാൽ ആ വിഭാഗത്തിൽ നിന്ന് അവരെ മാറ്റും.
8209 അപേക്ഷകളാണ് ജനറൽ ട്രാൻസ്ഫറിനായി ഈ വർഷം ലഭിച്ചത്. ഇതിൽ 4694 അധ്യാപകർക്ക് മറ്റു സ്‌കൂളുകളിലേക്കും 3245 അധ്യാപകർ അവർ നിലവിൽ ജോലി ചെയ്യുന്ന സ്‌കൂളുകളിലേയ്ക്കും പ്രൊവിഷണൽ ലിസ്റ്റ് പ്രകാരം ട്രാൻസ്ഫർ ലഭിച്ചിട്ടുണ്ട്. ഇതിൽ 3607 അധ്യാപകർക്ക് അവരുടെ ഒന്നാമത്തെ ചോയ്‌സും 768 അധ്യാപകർക്ക് രണ്ടാമത്തെ ചോയ്‌സും ലഭിച്ചിട്ടുണ്ട്. 467 അധ്യാപകർക്ക് മൂന്നാമത്തെയും 316 അധ്യാപകർക്ക് നാലാമത്തേയും ചോയ്‌സുകൾ ലഭിച്ചു. അന്തിമ പട്ടികയിൽ മാറ്റം വരാം.
പരാതി പരിഹാര സമിതി
ഹയർ സെക്കന്ററി അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പരാതികൾ പരിശോധിക്കാനായി സർക്കാർ ഇതാദ്യമായി രൂപീകരിച്ച മൂന്നംഗ സമിതിയിലേക്ക് പരാതികൾ സമർപ്പിക്കാനുള്ള വിശദാംശങ്ങൾ പുറത്തിറക്കി. ഹെൽപ് ഡെസ്‌ക്, പരാതി പരിഹാര ഇ-മെയിൽ തുടങ്ങി നിലവിലുള്ള സംവിധാനങ്ങളിൽ പരാതി നല്കി തൃപ്തികരമല്ലെങ്കിൽ മാത്രമാണ് സമിതിക്കായി പരാതികൾ നൽകേണ്ടത്. നിശ്ചിത ഫോർമാറ്റിൽ മതിയായ രേഖകളോടെ വേണം dhsecomplaints@kite.kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ പരാതികൾ നൽകേണ്ടത്. ലഭിക്കുന്ന പരാതികളുടെ സ്വഭാവമനുസരിച്ച് ആവശ്യമെങ്കിൽ പരാതിക്കാരന് നേരിട്ടോ ഓൺലൈൻ വഴിയോ സമിതിയുടെ മുമ്പാകെ ഹാജരാകാനും അവസരമുണ്ടാകും.