മഴക്കാല രോഗങ്ങളെ ശ്രദ്ധിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുകളാണുള്ളത്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ട വേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യം. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളിലെത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നത് നല്ലതാണ്.

മഴക്കാലമായതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും മുന്‍കരുതല്‍ വേണം. പനി, ചുമ , പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദേശപ്രകാരം ചികിത്സ എടുക്കണം.
കൊതുക് പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിട നശീകരണം ഫലപ്രദമാക്കണം.
വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ അടച്ചു സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍  ലേപനങ്ങളോ  വലയോ ഉപയോഗിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കുടിവെള്ള സ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം.

പൊതുടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തിശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കണം.
മഴക്കാലത്ത് എലിപ്പനിക്കുള്ള സാധ്യത കൂടുതലായതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, മലിനജലസമ്പര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍ ആഴ്ചയില്‍ ഒരിക്കല്‍ ഡോക്‌സി സൈക്ലിന്‍ 200 മില്ലിഗ്രാം  ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജില്ലയിലെ ഡെങ്കി ഹോട്‌സ്‌പോട്ടുകള്‍:

പഞ്ചായത്ത്, വാര്‍ഡ് ക്രമത്തില്‍:
കുളനട -9
കോട്ടാങ്ങല്‍-6,7
ചെറുകോല്‍-9
വെച്ചുച്ചിറ- 3,4