ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ട് ലൈഫ് (ലൈവ്ലിഹുഡ് ഇൻക്ലൂഷൻ ഫിനാൻഷ്യൽ എംപവർമെന്റ്) മിഷൻ മുന്നേറുന്നു. സംസ്ഥാനത്തെ എല്ലാ ഭവനരഹിതർക്കും അടച്ചുറപ്പുള്ളതും സുരക്ഷിതവുമായ വീടുകൾ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ദൗത്യം.
ലൈഫ് മിഷൻ്റെ ഭാഗമായി ഇതുവരെ 5,82,172 പേർക്ക് വീട് അനുവദിച്ചു. ഇതിൽ 4,57,055 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. 1,25,117 വീടുകളുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
മുമ്പ് ഭവനനിർമ്മാണ ധനസഹായം ലഭിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമ്മാണം പൂർത്തീകരിക്കാത്ത 54,116 കുടുംബങ്ങളെയും ലൈഫ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തി സഹായം നൽകി. സാധാരണ ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപയും ദുർഘട പ്രദേശങ്ങളിലെ പട്ടികവർഗക്കാർക്ക് 6 ലക്ഷം രൂപയും ലൈഫ് ധനസഹായമായി നൽകുന്നു.
2017-ൽ തയാറാക്കിയ ലൈഫ് പട്ടികയിലെ എല്ലാ ഭൂമിയുള്ള ഭവനരഹിത ഗുണഭോക്താക്കളെയും പരിഗണിച്ചതിന് ശേഷം, ആദ്യ ലിസ്റ്റിൽ ഉൾപ്പെടാനാകാതെ പോയ അർഹരായവരെ കണ്ടെത്താൻ 2020-ൽ പുതിയ അപേക്ഷകൾ ക്ഷണിച്ചു. ഈ അപേക്ഷകൾ സൂക്ഷ്മമായി പരിശോധിച്ച്, ഗ്രാമ /വാർഡ് സഭകളുടെ അംഗീകാരത്തോടെ അതത് തദ്ദേശ സ്ഥാപനങ്ങൾ ലൈഫ് മിഷന്റെ നേതൃത്വത്തിൽ പുതിയ പട്ടിക പ്രസിദ്ധീകരിച്ച് ഗുണഭോക്താക്കൾക്ക് ധനസഹായം നൽകി തുടങ്ങുകയും ചെയ്തു.
ഭൂരഹിതരും ഭവനരഹിതരുമായ ഗുണഭോക്താക്കളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനും വലിയ പ്രാധാന്യം നൽകുന്നു. ഇതിനകം 4 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി. 21 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്. പാർട്ട്ണർഷിപ്പ് വ്യവസ്ഥയിൽ രണ്ട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുകയും ഒരു ഭവന സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയും ചെയ്യുന്നു. ലൈഫ് മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, പങ്കാളിത്തം, സ്പോൺസർഷിപ്പ് എന്നിവയിലൂടെ ഇതുവരെ 960 ഫ്‌ളാറ്റുകൾ ഭൂരഹിത ഭവനരഹിതർക്ക് പൂർത്തീകരിച്ച് കൈമാറി.
പുനലൂർ (കൊല്ലം), വിജയപുരം (കോട്ടയം), അടിമാലി (ഇടുക്കി), കരിമണ്ണൂർ (ഇടുക്കി), കടമ്പൂർ (കണ്ണൂർ) എന്നിവിടങ്ങളിൽ ലൈഫ് മിഷൻ നേരിട്ടും, തിരുവനന്തപുരം നഗരസഭയുടെ സ്പോൺസർഷിപ്പിൽ മണ്ണന്തലയിലും, എറണാകുളം ജില്ലയിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത്, അങ്കമാലി നഗരസഭ, GCDA, കൊച്ചിൻ കോർപ്പറേഷൻ ലൈഫ് മിഷനും ചേർന്നും, മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ നഗരസഭയും ലൈഫ് മിഷനും ചേർന്നും, തൃശൂർ ജില്ലയിൽ പഴയന്നൂർ ഗ്രാമപഞ്ചായത്തും ചേർന്നുമാണ് ഈ ഭവന സമുച്ചയങ്ങൾ യാഥാർത്ഥ്യമാക്കിയത്.
ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കൾക്കായി ഭൂമി കണ്ടെത്തുന്നതിനുള്ള ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിൻ വലിയ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്. ഈ ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ 31.61 ഏക്കർ ഭൂമി തദ്ദേശ സ്ഥാപനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ 21.76 ഏക്കർ ഭൂമി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്/ഗുണഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത് നൽകിക്കഴിഞ്ഞു. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഭൂമി നൽകുന്ന പദ്ധതിയും ലയൺസുമായി ചേർന്ന് 100 വീടുകൾ ഉൾപ്പെടുന്ന വില്ലേജ് നിർമ്മിക്കുന്ന പദ്ധതിയും പുരോഗതിയിലാണ്.
ലൈഫ് പദ്ധതിക്ക് വേണ്ടിയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ തിരിച്ചടവ് ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ എത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സർക്കാർ വഹിക്കുന്നത് അവയുടെ കടബാധ്യത കുറയ്ക്കുന്നു.
ലൈഫ് മിഷൻ, വെറുമൊരു ഭവന നിർമ്മാണ പദ്ധതിയല്ല, മറിച്ച് ഓരോ കുടുംബത്തിനും സുരക്ഷിതത്വവും അന്തസ്സും നൽകി, സാമൂഹിക സമത്വം ഉറപ്പാക്കുന്ന കേരളത്തിന്റെ വികസന മുന്നേറ്റത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണ്.
കരുത്തോടെ കേരളം- 77