കൊച്ചി: പ്രളയം തകര്‍ത്ത വായനശാലകള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പിന്റെ സാന്ത്വനം. പലരില്‍ നിന്നും ശേഖരിച്ച 400 പുസ്തകങ്ങളാണ് വകുപ്പ് പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സലിന് കൈമാറിയത്. വകുപ്പിലെ ജീവനക്കാരും മുന്‍ ജീവനക്കാരും അശ്രാ്ന്ത പരിശ്രമം നടത്തിയാണ് ഗ്രന്ഥ്ങ്ങള്‍ ശേഖരിച്ചത്. ഇന്നലെ ജില്ലാ സപ്ലൈ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.വി. അജിത് കുമാറിന് പുസ്തകങ്ങള്‍ കൈമാറി.
സിവില്‍ സപ്ലൈ വകുപ്പിലെ ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും കൂട്ടായ്മ യുടെ പ്രവര്‍ത്തനം ഇതിനു പിന്നിലുണ്ട്. പ്രളയ സമയത്ത് സജീവമായി നിന്ന ജീവനക്കാര്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാകണമെന്ന കളക്ടറുടെ നിര്‍ദ്ദേശമാണ് പുസ്തക ശേഖരണം എന്ന ആശയത്തിലേക്ക് എത്തിച്ചത്. ജീവനക്കാരില്‍ നിന്നും നല്ല പ്രതികരണമാണ് ആവശ്യമുന്നയിച്ചപ്പോള്‍ ലഭിച്ചതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ബെന്നി ജോസഫ് പറഞ്ഞു. കൂട്ടായ്മയുടെ പിന്നീടു നടന്ന യോഗത്തില്‍ എല്ലാവരും പുസ്തകങ്ങളുമായാണ് എത്തിയത്. പുസ്തകങ്ങള്‍ എത്തിക്കാന്‍ കഴിയാത്തവര്‍ പണമാണ് നല്‍കിയത്. ഇത്തരത്തില്‍ ലഭിച്ച 5000 രൂപയ്ക്ക് വകുപ്പു തന്നെ നേരിട്ട് പുസ്തകങ്ങള്‍ വാങ്ങി. ജീവചരിത്രങ്ങള്‍ ,കവിതകള്‍, ലേഖനങ്ങള്‍, നോവലുകള്‍ , വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ തുടങ്ങി എല്ലാത്തരം പുസ്തകങ്ങളും ശേഖരണത്തിലുണ്ട്. ജില്ലയിലെ 10 പത്ത് സപ്ലൈ ഓഫീസുകളിലെ ജീവനക്കാരും സഹകരിച്ചു. പ്രളയം ഏറ്റവും മോശമായി ബാധിച്ച പറവൂര്‍ താലൂക്കിലേക്കാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. 18 നടുത്ത് ലൈബ്രറികളാണ് ഇവിടെ വെള്ളം കയറി നശിച്ചത്.
ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ബെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. എം എസ് ഉദയഭാനു, കെ.ആര്. പ്രദീപ് കുമാര്‍, എം.പി ജോസഫ്, തങ്കമണി സി കെ ആര് മനോഹരന്, ആശ ടി.ജെ, സുനിത സ്റ്റാന്‍ലി എന്നിവര്‍ പ്രസംഗിച്ചു.