കുടുംബാരോഗ്യകേന്ദ്രങ്ങളുടെ പ്രവൃത്തികള്‍ക്കും ഭരണാനുമതി
കൊച്ചി: പ്രളയബാധിത ആരോഗ്യസ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിനായി 2.83 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി. ഒരു സാമൂഹികാരോഗ്യകേന്ദ്രം, മൂന്ന് , രണ്ട് പ്രാഥമികാരോഗ്യകേന്ദ്രം, 16സബ്സെന്ററുകള്‍ എന്നിവിടങ്ങളിലെ നിര്‍മാണ, അറ്റകുറ്റപണികള്‍ക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. ജില്ലയിലാകെ 40 ആരോഗ്യസ്ഥാപനങ്ങളെയാണ് പ്രളയക്കെടുതി വലിയ തോതില്‍ ബാധിച്ചത്.
10.75 കോടി രൂപയുടെ പദ്ധതികളാണ് ആരോഗ്യകേന്ദ്രങ്ങളുടെ പുനര്‍നിര്‍മാണത്തിനായി കണക്കാക്കിയിട്ടുള്ളത്. ഏലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം, നായരമ്പലം കുടുംബാരോഗ്യകേന്ദ്രം എന്നിവ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നു. പറവൂര്‍ താലൂക്ക് ആശുപത്രി, മൂത്തകുന്നം സാമൂഹികാരോഗ്യകേന്ദ്രം, മഞ്ഞപ്ര, ഗോതുരുത്ത്, കരുമാലൂര്‍, കുട്ടമ്പുഴ കുടുംബാരോഗ്യകേന്ദ്രങ്ങള്‍, കടുങ്ങല്ലൂര്‍, പിഴല, അവോലി, മുളവുകാട്, ചൂര്‍ണിക്കര, ചിറ്റാറ്റുകര പ്രാഥമികാരോഗ്യകേന്ദ്രങ്ങള്എന്നിവയാണ് നാശനഷ്ടമുണ്ടായ മറ്റ് ആശുപത്രികള്‍. ഇവക്ക് പുറമെ 26 സബ്സെന്ററുകളിലും നഷ്ടമുണ്ടായി. ഇവയില്‍ നാലെണ്ണം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. മറ്റ് സ്ഥാപനങ്ങളുടെ നിര്‍മാണപ്രവര്‍ത്തനത്തിനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ നിര്‍മിതികേന്ദ്രമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രവൃത്തികള്‍ നടത്തുന്നത്. പുനര്‍നിര്‍മാണത്തിനൊപ്പം കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്ന വിധത്തിലാണ് പദ്ധതികള്‍ തയ്യാറാക്കിയിട്ടുള്ളത്.
ജില്ലയില്‍ 40 ആരോഗ്യസ്ഥാപങ്ങളെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റുന്നതിനുള്ള പ്രവൃത്തികളും നടന്നുവരികയാണ്. ഇതില്‍ അയ്യമ്പിള്ളി, ചിറ്റാറ്റുകര, മുനമ്പം ആരോഗ്യസ്ഥാപനങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കി. 45 ലക്ഷമാണ് ഇവയ്ക്കായി അനുവദിച്ചത്.
നേരിയമംഗലം, ഇടപ്പള്ളി, പൊത്താനിക്കാട്, പാലക്കുഴ, മഞ്ഞല്ലൂര്, വാളകം, കൂനന്മാവ്, മുളവുകാട്, കാക്കനാട്, കീഴ്മാട്, രായമംഗലം, ആരക്കുന്നം, പനങ്ങാട്, നെട്ടൂര്‍, പിണ്ടിമന, കടവൂര്‍, തുറവൂര്‍, ബിനാനിപുരം, എലൂര്‍, കുമാരപുരം, തിരുവായൂര്‍, ഉദയംപേരൂര്‍, എടവനക്കാട്, ആലങ്ങാട്, ചൂര്‍ണിക്കര, എടത്തല, തിരുവാങ്കുളം, മുടക്കുഴ, ഒക്കല്‍, പാറക്കടവ്, അയ്യമ്പുഴ, ചെറുവാട്ടൂര്‍, കോട്ടപ്പടി, പുന്നെക്കാട്, കണ്ടക്കടവ്, അവോലി, മലയാറ്റൂര്‍ എന്നിവയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്ന മറ്റ് സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളിലെ ഫീല്ഡുതലവിലയിരുത്തലുകള് പൂര്‍ത്തിയാക്കി. ഇവയുടെ നിര്‍മാണപ്രവൃത്തികളും ഉടന്‍ ആരംഭിക്കും.