ഏറ്റുമാനൂര്‍ പുന്നത്തുറ ഗവണ്‍മെന്റ് യു.പി. സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങി. 2.17 കോടി രൂപ ചെലവഴിച്ചാണ് രണ്ടു നിലകളില്‍ എട്ട് ക്ലാസ് മുറികളും രണ്ട് സ്റ്റോര്‍ മുറികളും സജ്ജീകരിച്ചത്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകമായി എട്ട് ശൗചാലയങ്ങളുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ച് പുതിയവ പണിയാന്‍ തിരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഈ സ്‌കൂളിലും പുതിയ കെട്ടിടം നിര്‍മിച്ചത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതി ലഭിച്ചെങ്കിലും നടപടികള്‍ വൈകി. സ്ഥലം എം.എല്‍.എയായ മന്ത്രി വി.എന്‍. വാസവന്‍ ഇടപെട്ട് പൂര്‍ത്തീകരണത്തിന് നടപടി സ്വീകരിക്കുകയായിരുന്നു.
2023 ഒക്ടോബറിലായിരുന്നു നിര്‍മാണോദ്ഘാടനം.