അട്ടപ്പാടിയിലെ ഗോത്രവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയും പാലക്കാട് ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന ഓപ്പൺ ഡിഗ്രി പ്രോഗ്രാമിന് തുടക്കമായി. പ്ലസ് ടു കഴിഞ്ഞിട്ടും പഠനം തുടരാൻ സാധിക്കാത്തവര്‍ക്ക് പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസം നേടാനാകും. പദ്ധതിയുടെ സാങ്കേതിക സഹായങ്ങൾ കുടുംബശ്രീയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയും സംയുക്തമായി നൽകും.
വട്ടലക്കി ഫാമിങ് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ പദ്ധതി ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ബി.എസ് മനോജ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അട്ടപ്പാടിയിലെ വിവിധ ഉന്നതികളിൽ നിന്നും പ്ലസ്ടു പാസായിട്ടും ഡിഗ്രി ചെയ്യാൻ സാധിക്കാതിരുന്ന എൺപതോളം പേരെ കുടുംബശ്രീ ആനിമേറ്റർമാർ കണ്ടെത്തിയിരുന്നു. ഇവർക്ക് വേണ്ടിയുള്ള ഓറിയൻ്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു. ഓറിയന്റേഷൻ പ്രോഗ്രാമിന് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുചിത്ര കെ.ആർ നേതൃത്വം നൽകി. ഓപ്പൺ യൂണിവേഴ്സിറ്റി വഴി ലഭ്യമാകുന്ന കോഴ്സുകൾ, ഫീസ്, അഡ്മിഷൻ, പരീക്ഷ, വിവിധ സ്കീമുകൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടന്നു. വിവിധ ഗ്രാമപഞ്ചായത്ത് സമിതി പ്രസിഡന്റുമാരായ സരസ്വതി മുത്തുകുമാർ, അനിത ബാബു, തുളസീമണി, കുടുംബശ്രീ കോ ഓർഡിനേറ്റർ ജോമോൻ കെ.ജെ, പഞ്ചായത്ത് സമിതി അംഗങ്ങൾ, കോർഡിനേറ്റർമാർ, യൂത്ത് കോർഡിനേറ്റർമാർ, ആനിമേറ്റർമാർ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.