ആലപ്പുഴ ജില്ലാതല ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. രാജ്യത്തിന്റെ നിലനിൽപ്പും ജനാധിപത്യ മൂല്യങ്ങളും നിലനിൽക്കണമെങ്കിൽ ഗാന്ധിയൻ ദർശനങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണെന്നും അതിനെ തമസ്കരിക്കാനുള്ള ഏത് ശ്രമങ്ങളെയും ഇന്ത്യക്കാർ ഒന്നിച്ച് നിന്ന് എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എയും, എ.ഡി.എം ആശാ സി. എബ്രഹാമും ചേർന്നാണ് ഹാരാർപ്പണം നിർവഹിച്ചത്. ഗാന്ധിജി മുന്നോട്ടു വച്ച സമാനതകളില്ലാത്ത സഹനത്തിന്റെയും അഹിംസയുടെയും ആശയങ്ങള്‍ ഇന്നും നമുക്ക് വഴിവെളിച്ചമാണെന്ന് പി പി ചിത്തരഞ്ജൻ എം എൽ. എ ഗാന്ധിജയന്തി ദിന സന്ദേശം നൽകിക്കൊണ്ട് പറഞ്ഞു.
ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. തുടർന്ന് സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും നഗര ചത്വരത്തിലേക്ക് ഗാന്ധി സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.
