കൃഷിയിടങ്ങളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കമ്പിവേലി സ്ഥാപിക്കുന്നവര്‍ അത് നിയമാനുസൃതമാണെന്ന് ഉറപ്പാക്കണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അധികൃതര്‍‌ അറിയിച്ചു. കമ്പി വേലി സ്ഥാപിച്ച് അതിലേക്ക് നേരിട്ട് വൈദ്യുതി ബന്ധിപ്പിക്കുന്നതിലൂടെ മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിക്കാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ അംഗീകൃത ബി ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ മുഖാന്തരം ഐ.എസ്.ഐ നിലവാരമുള്ള ഫെൻസ് എനർജൈസർ ഉപയോഗിച്ചാണ് വൈദ്യുതവേലി സ്ഥാപിക്കേണ്ടത്.

നിര്‍മാണം പൂർത്തിയാക്കിയശേഷം ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ ഓഫീസിൽ അപേക്ഷ നൽകി നിയമാനുസൃത അനുമതി നേടണമെന്നും ഇലട്രിക്കൽ ഇൻസ്‌പെക്ടർ അറിയിച്ചു. വൈദ്യുതവേലിയുടെ വിവിധ ഭാഗങ്ങളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് പുറമെ വൈദ്യുത ലൈനുകളുടെ താഴെയായി വേലി വരാതിരിക്കുന്ന തരത്തിൽ ക്രമീകരിക്കേണ്ടതും അനിവാര്യമാണെന്ന് വകുപ്പ് നിർദ്ദേശം നൽകി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04936 295004