ഭാവി വികസന പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് പരവൂർ നഗരസഭ വികസന സദസ്സ്. എസ്.എൻ.വി. സമാജം ഓഡിറ്റോറിയത്തിൽ ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമൃത് സമ്പൂർണ ഗാർഹിക കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ഘട്ടങ്ങളിലായി 25 കോടി രൂപ ചെലവഴിച്ച് നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിച്ചു. കഴിഞ്ഞ അഞ്ചുവർഷ കാലയളവിലായി ലൈഫ് പദ്ധതി വഴി 468 വീടുകൾ നൽകി.
26 ലക്ഷം രൂപ ചെലവഴിച്ച് നേരുകടവു വാർഡിൽ വഴിയാത്രക്കാർക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി വിശ്രമ കേന്ദ്രം (ടേക്ക് എ ബ്രേക്ക്) നിർമ്മിച്ചു. പുത്തൻകടവു മുതൽ നേരുകടവ് കാപ്പിൽ പാലം വരെ നാല് കിലോമീറ്റർ നീളത്തിൽ കായലിന് സമീപത്തായി വാക് വേ നിർമ്മിക്കുന്നതിന് പ്രാരംഭ നടപടികൾ ആരംഭിച്ചതായും വികസന സദസ്സിൽ വ്യക്തമാക്കി.
പരവൂർ നഗരസഭ വൈസ് ചെയർമാൻ എ.സഫർകയാൽ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്.ശ്രീലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബി. അംബിക, നഗരസഭ കൗൺസിലർമാരായ ഒ.ശൈലജ, നസീമ ബീവി, സനൽ ലാൽ, ടി.സി.രാജു, അശോക് കുമാർ, രാജീവ്, മഞ്ജു വിജയചന്ദ്രൻ, ദീപ, സുരേഷ് ബാബു, ഗിരിജ പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
