ആരോഗ്യ മേഖലയിൽ നടത്തിയ മുന്നേറ്റങ്ങള്‍ അവതരിപ്പിച്ച് വെളിയനാട് പഞ്ചായത്ത് വികസനസദസ്സ്. ഹോമിയോ ഡിസ്പെൻസറി, സിദ്ധ ഡിസ്പെൻസറി, സി. എച്ച്.സി പ്രവർത്തനങ്ങൾക്കായി പ്രതിവർഷം 38 ലക്ഷം രൂപ വീതമാണ് പഞ്ചായത്ത് ചെലവഴിച്ചത്. കുരിശുംമൂട് സെന്റ് സ്റ്റീഫൻസ് ക്നാനായ പാരിഷ് ഹാളിൽ നടന്ന സദസ്സ് തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ അധ്യക്ഷയായി.
ലൈഫ് ഭവന പദ്ധതിയിലൂടെ 85 കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചു. ഇതിൽ 34 വീടുകൾ പൂർത്തീകരിച്ചു. അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ മൂന്ന് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യം ഇല്ലാതാക്കിയതായും സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.പൊതുവിദ്യാഭ്യാസ രംഗത്തിന് ഉണർവ് പകരാന്‍ സ്കൂളിലേക്ക് ഫർണിച്ചർ വാങ്ങാൻ 7 ലക്ഷം രൂപയും, അനുബന്ധ ചിലവിനായി 6 ലക്ഷം രൂപയും നൽകി. കാർഷിക മേഖലയുടെ ഉന്നമനത്തിനായി നെൽവിത്ത് സബ്സിഡിയായി ആറ് ലക്ഷം രൂപയും കുരുമുളക് വിതരണത്തിന് മൂന്നുലക്ഷം രൂപയും, വനിതാ ഗ്രൂപ്പുകൾക്ക് പച്ചക്കറി വിത്ത് വിതരണത്തിനായി 2,50000 രൂപയും മാറ്റിവെച്ചു. 23 ലക്ഷം രൂപ വിനിയോഗിച്ച് സ്ട്രീറ്റ് ലൈറ്റുകളും പഞ്ചായത്തില്‍ സ്ഥാപിച്ചു.
വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി പ്രിയ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. റിസോഴ്സ് പെഴ്സൺ എ ഭാമ ദേവി സംസ്ഥാന സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളും പഞ്ചായത്ത് സെക്രട്ടറി എ ഗോപൻ പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. ഓപ്പൺ ഫോറം വെളിയനാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ എസ് വിനീഷ് നയിച്ചു. വൈസ് പ്രസിഡന്റ് പി എം അഭിലാഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സഞ്ജു ബിനോജ്, ആശാ മനോജ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ മോഹൻലാൽ, സി ഡി എസ് ചെയർപേഴ്സൺ രമ്യ സന്തോഷ്, വാർഡ് അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. സദസ്സിന്റെ ഭാഗമായി പ്രമോദ് വെളിയനാടിനെ ആദരിച്ചു. കൂടാതെ തൊഴിൽമേള, ഫോട്ടോ പ്രദർശനം കെ സ്മാർട്ട് സേവനങ്ങളും സദസ്സില്‍ സംഘടിപ്പിച്ചു.
