തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു എംഎൽഎമാരായ അംഗങ്ങളുടെ ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു.
പ്രിയംവദ കെ, എൻ വിജയകുമാർ എന്നിവരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് മത്സരിച്ചത്. പ്രിയംവദ പതിനൊന്ന് വോട്ടും എൻ. വിജയകുമാർ 61 വോട്ടും നേടി. വിജയകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.
മലബാർ ദേവസ്വം ബോർഡിലേക്കുള്ള രണ്ടു സ്ഥാനങ്ങളിലേക്ക് മത്സരിച്ചത് പടന്നയിൽ പ്രഭാകരൻ, കെ. രാമചന്ദ്രൻ, ഒ.കെ. വാസു, പി.പി. വിമല എന്നിവരാണ്. ഒ.കെ. വാസുവും പി.പി. വിമലയും 61 വോട്ടുകൾ വീതം നേടി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു രണ്ടു പേരും 11 വോട്ടുകൾ വീതമാണ് നേടിയത്. ആകെയുള്ള 76 വോട്ടർമാരിൽ 72 പേർ വോട്ട് ചെയ്തു.
കൊച്ചി ദേവസ്വം ബോർഡിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച രണ്ടുപേരിൽ ഒരാളുടെ പത്രിക തള്ളിയതിനാൽ അവശേഷിച്ച എം.കെ. ശിവരാജനെ വിജയിയായി കഴിഞ്ഞ 23ന് പ്രഖ്യാപിച്ചിരുന്നു.