മാന്നാർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിലൂടെ 6.46 കോടി രൂപ ചെലവിൽ 183 വീടുകൾ പൂർത്തീകരിച്ച് നൽകിയതായി വികസന സദസ്സ്. കുട്ടംപേരൂർ 68-ാം നമ്പർ എസ്എൻഡിപി ശാഖാ ഹാളിൽ നടന്ന വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരി ഉദ്ഘാടനം ചെയ്തു.
മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി വി രത്നകുമാരി അധ്യക്ഷയായി. അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതിയിലൂടെ പഞ്ചായത്തിലെ 30 കുടുംബങ്ങളെ കണ്ടെത്തുകയും ആവശ്യമായ സേവനങ്ങൾ നൽകി സുരക്ഷിതരാക്കുകയും ചെയ്തു. ഡിജി കേരളം പദ്ധതിയിലൂടെ 1834 പഠിതാക്കളെ കണ്ടെത്തുകയും പരിശീലനങ്ങൾ നൽകി ഡിജിറ്റൽ സാക്ഷരത പൂർത്തിയാക്കുകയും ചെയ്തു. 34 അംഗങ്ങളുള്ള ഹരിതകർമ്മസേന പ്രതിമാസം 5-6 ടൺ അജൈവമാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതായും കഴിഞ്ഞ നാല് വർഷം 126 പാലിയേറ്റീവ് കെയർ രോഗികൾക്കായി 24.87 ലക്ഷം രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. കാർഷിക മേഖലയിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി 20 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കി. വിദ്യാഭ്യാസ മേഖലയിൽ അങ്കണവാടി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹൈടെക് ക്ലാസ് റൂം സ്ഥാപിച്ച് പഠനസൗകര്യങ്ങൾ മെച്ചപ്പെടുത്തിയതായും സദസ്സിൽ അവതരിപ്പിച്ച വികസന രേഖയിൽ ചൂണ്ടിക്കാട്ടി.
സദസ്സിൽ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വത്സല മോഹൻ ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി മധു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജി ആതിര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ബി കെ പ്രസാദ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശാലിനി രഘുനാഥ്, വി ആർ ശിവപ്രസാദ്, പഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപുരയ്ക്കൽ, അജിത്ത് പഴവൂർ, അനീഷ് മണ്ണാരേത്ത്, വി കെ ഉണ്ണികൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
