നമ്മുടെ നാട്ടില്‍ നടക്കുന്ന വമ്പിച്ച വികസന മുന്നേറ്റങ്ങൾ സമൂഹത്തിൽ പോസിറ്റീവായി ചർച്ച ചെയ്യപ്പെടണമെന്നും എല്ലാവര്‍ക്കും ഒന്നിച്ച് മുന്നേറാൻ കഴിയണമെന്നും പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു. ആര്യാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. പഞ്ചായത്ത് പ്രസിഡൻ്റ് ഇന്‍ ചാര്‍ജും വൈസ് പ്രസിഡൻ്റുമായ അഡ്വ. ഷീന സനൽകുമാർ സദസ്സില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി. മഹീന്ദ്രൻ അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.

അഡ്വ. ഷീന സനൽകുമാർ ഗ്രാമപഞ്ചായത്തിൻ്റെ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ജി. അനിൽകുമാറും ഗ്രാമപഞ്ചായത്തിൻ്റെ വികസന നേട്ടങ്ങൾ സെക്രട്ടറി ജി.വി. വിനോദ്കുമാറും അവതരിപ്പിച്ചു. തുടർന്ന് നടന്ന ഓപ്പൺ ഫോറവും പൊതു ചർച്ചയും ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രകാശ് ബാബു നയിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജി ബിജുമോൻ, ബി ബിപിന്‍ രാജ്, കെ എ അശ്വിനി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിൽ പഞ്ചായത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ സഹായിച്ച വിശിഷ്ട വ്യക്തികളെയും വിവിധ സാമൂഹിക, രാഷ്ട്രീയ, കലാ സാംസ്കാരിക മണ്ഡലങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു. സദസ്സിന്റെ ഭാഗമായി തൊഴില്‍മേളയും ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചു.