കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവിൽ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ച് ദേവികുളങ്ങര പഞ്ചായത്ത് വികസന സദസ്സ്. ദേവികുളങ്ങര ദേവി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സദസ്സ് യു പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കൗമാരപ്രായക്കാരായ പെൺകുട്ടികളുടെയും കുട്ടികളുടെയും ഉന്നമനത്തിൽ പഞ്ചായത്ത് ബഹുദൂരം മുന്നേറിയതായി പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സെക്രട്ടറി അമൃത ടി മോഹൻ പറഞ്ഞു.
പഞ്ചായത്തിൽ ആകെയുള്ള 19 അങ്കണവാടികളിൽ പത്തെണ്ണവും ശിശു സൗഹൃദ അന്തരീക്ഷത്തിൽ സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഊർജ്ജ മേഖലയിൽ സമ്പൂർണ്ണ വൈദ്യുതീകരണം കൈവരിക്കുകയും തെരുവുകളിൽ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തു. അതിദരിദ്രരെ കണ്ടെത്തുന്നതിന് നടത്തിയ സർവ്വേയിലൂടെ 27 കുടുംബങ്ങൾക്കും ഭക്ഷണം, വൈദ്യ സഹായം എന്നിവ അടിയന്തരമായി എത്തിച്ചു നൽകി.
തനതു വിഹിതത്തിൽ നിന്നും ഓണകിറ്റ് ഉൾപ്പെടെയുള്ള സഹായങ്ങളും നൽകി. 10 കുടുംബങ്ങളുടെ ഭവന പുനരുദ്ധാരണവും രണ്ട് പേർക്ക് വീടു നിർമ്മാണവും നടത്തി. ഭൂമിയും വീടും ആവശ്യമായ രണ്ട് പേർക്ക് ഭൂമി ലഭ്യമാക്കി ഭവനം നിർമ്മാണം നടന്നുവരുന്നു. കാർബൺ രഹിത ഗ്രാമം എന്ന ലക്ഷ്യം മുൻ നിർത്തി ഗ്രാമപഞ്ചയാത്തിലെ മുഴുവൻ അങ്കണവാടികൾക്കും ഇൻഡക്ഷൻ കുക്കർ, മിൽക്ക് കുക്കർ, സോസ് പാൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു. തണ്ണീർവനം എന്ന പേരിൽ കണ്ടൽക്കാട് പദ്ധതി, കാർഷിക മേഖലയ്ക്ക് തിലകക്കുറിയാകുന്ന മില്ലറ്റ് കഫേ എന്നിവ പഞ്ചായത്തിന്റെ പ്രധാന നേട്ടങ്ങളായി പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സദസ്സിൽ പഞ്ചായത്ത് പ്രസിഡന്റ് എസ് പവനനാഥൻ അധ്യക്ഷത വഹിച്ചു. റിസോഴ്സ് പേഴ്സൺ യു കെ റോണി സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുഷ രാജ്, സ്ഥിരംസമിതി അധ്യക്ഷരായ എസ് രേഖ, രജനി ബിജു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
