കോട്ടയം ഗ്രാമപഞ്ചായത്ത് വികസന സദസ്സും പഞ്ചായത്തിന്റെ നവീകരിച്ച ഹാളും നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. നവീകരിച്ച പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കെ.പി മോഹനൻ എം എൽ എ അധ്യക്ഷനായി. സംസ്ഥാനതല വികസന റിപ്പോർട്ട് കില റിസോഴ്സ് പേഴ്സൺ സുജിത് കുമാർ അവതരിപ്പിച്ചു. കോട്ടയം പഞ്ചായത്ത്തല വികസന റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി പി.പി സജിത അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വികസനരേഖ കെ.പി മോഹനൻ എം എൽ എയ്ക്ക് നൽകി സ്പീക്കർ പ്രകാശനം ചെയ്തു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സ്പീക്കർ ആദരിച്ചു.
വികസന സദസ്സിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറം പൊതു ചർച്ചയിൽ കോട്ടയം പഞ്ചായത്തിന്റെ ഭാവി വികസന സ്വപ്നങ്ങളും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ചർച്ചാവിഷയമായി. കോട്ടയം ചിറ ടൂറിസം പദ്ധതിയിൽ ഉൾക്കൊള്ളിച്ച് ബോട്ട് സർവീസ്, കാവുകളുടെ സംരക്ഷണം, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക, കോട്ടയം അങ്ങാടിയിൽ ഫൂട്ട് പാത്ത് നിർമ്മിക്കണം, പഞ്ചായത്ത് കിണർ ശുചീകരിച്ച് ഉപയോഗപ്രദമാക്കണം, പഴശ്ശി കനാൽ ശുചീകരിക്കണം, ഹരിത ടൗണുകൾ പരിപാലിക്കാത്തവർക്കെതിരെ നടപടി എടുക്കണം, ലക്ഷ്യ പദ്ധതി വിപുലീകരിക്കണം, സ്ട്രീറ്റ് ലൈറ്റ് സംവിധാനം ആവിശ്യമുള്ള സ്ഥലങ്ങളിൽ അടിയന്തരമായി സ്ഥാപിക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ പൊതുചർച്ചയുടെ ഭാഗമായി.
കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാജീവൻ, വൈസ് പ്രസിഡന്റ് എം ധർമ്മജ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ ദീപ, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എം മോഹനൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജാനകി ടീച്ചർ, കെ.പി നസീർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ മനോഹരൻ, പി.പി അശോകൻ, എൻ ബാലൻ, മുസ്തഫ ഹാജി എന്നിവർ സംസാരിച്ചു.
