ഒക്ടോബർ 22 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ചികിത്സാസഹായത്തിന് സ്‌പോർട്‌സ് ആയുർവേദ ടീം സജ്ജമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യാർഥം സംസ്ഥാന സ്‌കൂൾ കായികമേളയുടെ 12 വേദികളിലും സ്‌പോർട്‌സ് ആയുർവേദ മെഡിക്കൽ സംഘം നിലയുറപ്പിക്കും.

താരങ്ങളുടെ കായികക്ഷമത വർധിപ്പിക്കാനും മത്സരങ്ങളിൽ അവർക്കുണ്ടാകുന്ന പരിക്കുകൾ ഭേദമാക്കാനും തുടർപരിക്കുകൾ തടയാനും സഹായിക്കുന്ന  ആയുർവേദ കായിക ചികിത്സാശാഖയാണ് സ്‌പോർട്‌സ് ആയുർവേദ. തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന 50 കിടക്കകളുള്ള കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ച് സൂപ്പർ സ്‌പെഷ്യാലിറ്റി  ഹോസ്പിറ്റലിന്റെ നേതൃത്വത്തിലാണ് കേരളത്തിലെ സ്‌പോർട്‌സ് ആയുർവേദ ടീം പ്രവർത്തിച്ചു വരുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും കീഴിൽ എല്ലാ ജില്ലകളിലും സ്‌പോർട്‌സ് ആയുർവേദ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ പ്രവർത്തിച്ചുവരുന്നുണ്ട്.

സ്‌കൂൾ കായികമേളയ്ക്ക് സ്‌പോർട്‌സ് ആയുർവേദയുടെ സേവനം ലഭ്യമാക്കുന്നതിനായി ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻന്റെയും സ്‌പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെ 67 മെഡിക്കൽ ഓഫീസർമാരേയും നേഴ്‌സ്, തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ എന്നിവർ ഉൾപ്പെടെ 140 പേരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ തിരുവനന്തപുരം ആയുർവേദ കോളേജ്, പങ്കജകസ്തൂരി ആയുർവേദ കോളേജ് എന്നിവിടങ്ങളിൽ നിന്നുമുള്ള ഹൗസ് സർജന്മാരും പിജി വിദ്യാർത്ഥികളും  പങ്കെടുക്കും.തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് മുന്നോടിയായി കണ്ണൂർ, പാലക്കാട്, കൊല്ലം, തൃശൂർ എന്നീ  ജില്ലകളിലായി നടത്തിയ വിവിധ സംസ്ഥാനതല മത്സരങ്ങളിൽ സ്‌പോർട്‌സ് ആയുർവേദ ടീമിന് മികച്ച സേവനം നൽകാനായി.