അഞ്ച് വർഷത്തെ മികച്ച നേട്ടങ്ങൾ അവതരിപ്പിച്ച് എടവക ഗ്രാമ പഞ്ചായത്ത് വികസന സദസ്. നാലാംമൈൽ ജ്യോതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനത്തിനായി കക്ഷി രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകിയാവണം വികസന പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ വികസന സദസ്സിൽ അവതരിപ്പിച്ചു.

എടവക ഫാമിലി ഹെൽത്ത് സെന്ററിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് അംഗീകാരം, വാളേരി  ഹോമിയോ ഡിസ്‍പെൻസറിയ്ക്ക് എൻ.എ.ബി.എച്ച് അംഗീകാരം, ജില്ലയിൽ കിടത്തി ചികിത്സയുള്ള ജില്ലയിലെ ഏക ആയുർവേദ ആശുപത്രിയായ ദ്വാരക തുടങ്ങിവ ആരോഗ്യ മേഖലയിൽ പഞ്ചായത്ത് കൈവരിച്ച മികച്ച നേട്ടങ്ങളാണ്. എടവക  കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള എട്ട് സബ് സെന്ററുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ദ്വാരക ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ്, പഞ്ചകർമ്മ ചികിത്സക്ക് പുറമെ നേത്രരോഗ ചികിത്സയ്ക്കായി ഓട്ടോ ഡിക്ടറ്റോ മീറ്ററും സ്ഥാപിച്ചു. മറ്റു ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും ചികിത്സക്കായി ആളുകൾ ഇവിടെ എത്തുന്നുണ്ട്. എടവക ഫാമിലി ഹെൽത്ത് സെന്ററിൽ ഫിസിയോതെറാപ്പി, എക്സ്-റേ യൂണിറ്റുകൾക്കായി പ്രാരംഭ നടപടികൾ ആരംഭിച്ചു.  ഓട്ടോമേറ്റഡ് ബയോ കെമിസ്ട്രി അനലൈസറടക്കം ആധുനിക സൗകര്യങ്ങളോടെ ലാബും പ്രവർത്തിക്കുന്നുണ്ട്.

രാജ്യത്തുതന്നെ ആദ്യമായി ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കി സ്വന്തമായി ക്ലൈമറ്റ് ആക്ഷൻ പഠനം നടത്തി. ജി.ഐ.എസ് മാപ്പിങ് മുഖേന ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയതും എടവക പഞ്ചായത്തിന്റെ നേട്ടങ്ങളാണ്. ഗ്രാമീണ റോഡുകൾ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നവീകരിച്ചു. ഡ്രൈനേജുകൾ സോക്പിറ്റുകൾ നിര്‍മിച്ചു. പൊതുകിണറുകൾ നവീകരിച്ച് അടിസ്ഥാന സൗകര്യ വികസന രംഗത്ത് നേട്ടങ്ങളായി. പുഴയോരങ്ങൾ, തോടുകൾ, കുളങ്ങങ്ങളിൽ കയർ ഭൂവസ്ത്രം വിരിച്ചു. കൃഷിയിടങ്ങളിൽ മൺ കയ്യാലകൾ നിർമിച്ച് മണ്ണൊലിപ്പ് തടയാനും മഴവെള്ളം മണ്ണിലേക്കിറങ്ങാനും പദ്ധതികൾ നടപ്പാക്കി. 415 വീടുകളാണ് ലൈഫ് ഭവന പദ്ധതിയിൽ പൂര്‍ത്തീകരിച്ചത്. ബാക്കിയുള്ളവയുടെ പ്രവർത്തികൾ പുരോഗമിക്കുന്നു. പഞ്ചായത്ത് പരിധിയിൽ നിന്നും കണ്ടെത്തിയ 35 അതിദരിദ്ര കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി. ദ്വാരക ടൗണിനോട് ചേർന്ന് ബസ് ബേയിലെ മുകളിലത്തെ നിലയിൽ ഷീ ലോഡ്ജ്, ഫിറ്റ്നസ് സെന്റർ പൂർത്തിയാവുന്നു. തോണിച്ചാൽ ഇരുമ്പു പാലത്തിനടുത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രത്തിന്റെ നിര്‍മാണവും തുടങ്ങി. മാനന്തവാടി ടൗണിനോട് ചേർന്ന് പാണ്ടിക്കടവിൽ ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനത്തിനൊരുങ്ങിക്കഴിഞ്ഞു.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലിംഗസമത്വ പഠനം നടത്തി വീരാംഗനയെന്ന പുസ്തകം പുറത്തിറക്കി. മെൻസ്ട്രൽ കപ്പ് വിതരണം, വനിതകൾക്ക് കരാട്ടെ, തായ്‌ക്വാണ്ടെ, കളരി പരിശീലനങ്ങൾ നൽകാൻ പദ്ധതികൾ നടപ്പാക്കി. മുഴുവൻ ക്ലാസ് റൂമുകളിലും ഇന്ററാക്റ്റീവ് എൽ.ഇ.ഡി പാനൽ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ സ്കൂൾ എന്ന നേട്ടം എടവകയിലെ പള്ളിക്കൽ എൽ.പി സ്കൂളിന് സ്വന്തമാണ്. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ടാലന്റ് ഹണ്ട് പദ്ധതിയിലൂടെ കുട്ടികളിലെ കായികശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളെഴുതുന്ന എല്ലാ കുട്ടികൾക്കും സമഗ്ര പരിശീലനം നൽകുന്ന പ്രതിഭാ പോഷണം പദ്ധതിയിലൂടെ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഓറിയന്റേഷൻ ക്ലാസ്സ്, പരിശീലനം, മോഡൽ പരീക്ഷ, വിജയികൾക്ക് പുരസ്കാരം എന്നിവ നൽകുന്നുണ്ട്. ഉന്നതികളിലെ കുട്ടികളിലെ പഠന നിലവാരം ഉയർത്തി തൊഴിലിന് തത്പരരാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻജായി എന്ന പദ്ധതി നടപ്പാക്കി.

പ്രധാന ടൗണുകളിൽ ബോട്ടിൽ ബൂത്തുകൾ, മാലിന്യം വേർതിരിക്കാൻ ബിന്നുകൾ സ്ഥാപിച്ച് മികച്ച മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങൾ നടത്തിവരുന്നുണ്ട്. കൃഷിഭവൻ മുഖേന വിളകൾക്ക് സബ്സിഡി, കുമ്മായ വിതരണം, പച്ചക്കറി, പഴവർഗ്ഗ തൈകൾ വിതരണം, കുരുമുളക്, തെങ്ങിൻ തൈ വിതരണം എന്നിവ നൽകുന്നുണ്ട്. കർഷകരുടെയും കുടുംബങ്ങളുടെയും സമൃദ്ധി ഉറപ്പാക്കാൻ ധനസഹായവും മൃഗവിതരണ പദ്ധതികളും നടപ്പാക്കി. ക്ഷീര കർഷകർക്കായി കൗ ലിഫ്റ്റിങ് മെഷീൻ വാങ്ങി. കുടുംബശ്രീ  ഉജ്ജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി സ്വയംതൊഴിൽ സഹായ സംരംഭങ്ങൾ ആരംഭിച്ചു. ജലനിധി, ജൽജീവൻ പദ്ധതി പ്രകാരം കുടിവെള്ള വിതരണം സാധ്യമാക്കി. സംസ്ഥാനത്തെ ഏറ്റവും നല്ല കുടിവെള്ള പദ്ധതികൾക്കുള്ള പുരസ്കാരം ലഭിച്ചത് പഞ്ചായത്തിലെ രണ്ട് ജലനിധി യൂണിറ്റുകൾക്കാണ്.  മൂവായിരത്തോളം കുടിവെള്ള കണക്ഷനുകൾ പൂർത്തിയാക്കുകയും ബാക്കിയുള്ളവയ്ക്കായുള്ള പ്രവർത്തികൾ പുരോഗമിക്കുകയുമാണ്.

എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ വികസന സദസിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിരാ പ്രേമചന്ദ്രൻ, എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശിഹാബുദ്ദീൻ അയാത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ, അസിസ്റ്റന്റ് സെക്രട്ടറി അസീസ്, ഹെഡ് ക്ലർക്ക് ബൈജു, കുടുംബശ്രീ പ്രവർത്തകർ, രാഷ്ട്രീയ – സാമൂഹിക  പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.