പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്സ് മീറ്റ് 2025 വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. നിക്ഷേപകരെ ആകര്‍ഷിക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നൂതനമായ സംരംഭ ആശയങ്ങള്‍ അവതരിപ്പിക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അനുമതികളും സേവനങ്ങളും വിശദീകരിക്കുക, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളെ അവതരിപ്പിക്കുക എന്ന ലക്ഷ്യങ്ങളുമായാണ് ഇൻവെസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചത്.

പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട നിക്ഷേപകര്‍ക്ക് മുന്നില്‍ ജില്ലയിലെ വ്യാവസായിക മേഖലയ്ക്ക് അനുയോജ്യമായ പുതിയ സംരംഭക സാധ്യതകളെക്കുറിച്ച് ധോണി ലീഡ് കോളേജിന്റെ ചെയര്‍മാന്‍ ഡോ. തോമസ് ജോര്‍ജ്ജ് ക്ലാസെടുത്തു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ എഫ് സി) പദ്ധതികളും സേവനങ്ങളും എന്ന വിഷയം കെ എഫ് സി ചീഫ് മാനേജര്‍ എം ആർ അരുണ്‍ അവതരിപ്പിച്ചു.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ പദ്ധതികളെക്കുറിച്ച് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സീനിയർ ടെക്നോളജി ഫെല്ലോ വിനീത ജോസഫ് വിശദീകരിച്ചു. കെ എസ് ഐ ഡി സി, കിൻഫ്ര, ജി എസ് ടി, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിവിധ ബാങ്കുകള്‍ എന്നിവരും സംരഭകര്‍ക്കായുള്ള പദ്ധതികളെക്കുറിച്ച് ക്ലാസുകള്‍ അവതരിപ്പിച്ചു. ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ 92 ഓളം സംരംഭകരും വിവിധ വകുപ്പുകളില്‍ നിന്നുള്ള 50 ഓളം പ്രതിനിധികളും പങ്കെടുത്തു. 105 കോടിയോളം രൂപയുടെ നിക്ഷേപ സന്നദ്ധത സംരംഭകരില്‍ നിന്നും ലഭിച്ചു.

പാലക്കാട് ടോപ്പ് ഇന്‍ ടൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ ജില്ലാകളക്ടർ എം എസ് മാധവിക്കുട്ടി അധ്യക്ഷതവഹിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെനഡിക്ട് വില്യം ‍ജോണ്‍സ്, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ പി ടി അനില്‍ കുമാര്‍, കെ എസ് എസ് ഐ എ സെക്രട്ടറി സുനില്‍ ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ എ കെ റഹ്മത്തലി, സി ജി രാജേഷ്, എം വി ബൈജു, കെ രാജന്‍ തുടങ്ങിയവർ പങ്കെടുത്തു.