മലയാളത്തനിമയുള്ള ഭക്ഷണ വിഭവങ്ങളുമായി കാത്തിരിക്കുകയാണ് കുടുംബശ്രീയുടെയും സാഫിന്റെയും വില്‍പ്പനശാലകള്‍. രാജ്യാന്തര വ്യാപാരമേളയിലെ ഫുഡ് കോര്‍ട്ടില്‍ പ്രവേശിക്കുമ്പോള്‍ തന്നെ മലയാള രുചിപ്പെരുമയുടെ സുഗന്ധം വരവേല്‍ക്കും. വന്‍ ജനത്തിരക്കാണ് ഇരു ഭക്ഷണശാലകളിലും.

മീന്‍, മാംസ വിഭവങ്ങളുടെ വൈവിധ്യങ്ങളാണ് സാഫ് ഒരുക്കിയിരിക്കുന്നത്, ചട്ടി ചോറാണ് എടുത്ത് പറയേണ്ട വിഭവം. 14 വിഭവങ്ങള്‍ അടങ്ങുന്ന ചട്ടിച്ചോറ് 400 രൂപയ്ക്ക് കിട്ടും. രണ്ട് പേര്‍ക്ക് വയറുനിറയെ കഴിക്കാന്‍ ഒരു പ്ലേറ്റ് മതിയാകും. കവുങ്ങിന്‍ പാള കൊണ്ട് നിര്‍മിച്ച പരിസ്ഥിതി സൗഹൃദമായ പാത്രത്തിലാണ് ഇത് വിളമ്പുന്നത്. ഞണ്ട് കറി, കോഴി ബിരിയാണി, ചെമ്മീന്‍ ബിരിയാണി , കപ്പ-മീന്‍കറി, ചിക്കന്‍ 65, വിവിധതരം മീന്‍ വറുത്തത്, ഊണ്- മീന്‍കറി എന്നിവയും ലഭ്യമാണ്. എറണാകുളത്തെയും തൃശൂരിലെയും സാഫ് യൂണിറ്റുകളില്‍ നിന്നുള്ള ആറ് വനിതകളാണ് ഭക്ഷശാലയുടെ നടത്തിപ്പ്.

മത്സ്യബന്ധന മേഖലയിലെ വനിതകളുടെ സംഘമായ സാഫിന് 10,600 സൊസൈറ്റികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്.
കോഴിക്കോട് സൗപര്‍ണ്ണിക യൂണിറ്റാണ് കുടുംബശ്രീ ഭക്ഷണശാലയുടെ ചുമതല. അഞ്ച് വനിതകളാണ് പാചകത്തിനും വിതരണത്തിനുമായി എത്തിയിരിക്കുന്നത്. പൊറോട്ട, പത്തിരി, ഊണ്, മീന്‍ കറി- ഊണ്, കപ്പ- മീന്‍കറി, കൊഞ്ച് ഫ്രൈ, ഞണ്ട് റോസ്റ്റ് തുടങ്ങിയ വിഭവങ്ങള്‍ കുടുംബശ്രീ ഭക്ഷണശാലയിലുണ്ട്. പഴംപൊരി, തൈര് വട, മീന്‍ കട്‌ലറ്റ് എന്നീ ലഘുഭക്ഷണങ്ങളും ലഭ്യമാണ്. മീന്‍ കറി ഊണിന് 250 രൂപയാണ് വില.