തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ജില്ലാതല മോണിറ്ററിംഗ് സമിതി  മുന്‍പാകെ എത്തിയ രണ്ട് പരാതികള്‍ തീര്‍പ്പാക്കിയതായി ജില്ലാ കളക്ടറും ജില്ലാ ഇലക്ഷന്‍ ഓഫീസറുമായ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.

പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ മൂന്ന് കരാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതെ ഒരു സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നുവെന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെയും കരാര്‍ ജീവനക്കാരുടെയും വിശദീകരണം ലഭ്യമായതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സമിതി  തീരുമാനിച്ചിരുന്നു. പരാതി സാധൂകരിക്കുന്ന തെളിവുകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരന് കഴിഞ്ഞില്ല. തങ്ങള്‍ അവധിയിലാണെന്ന് ജീവനക്കാര്‍ വിശദീകരണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരാതി തീര്‍പ്പാക്കാന്‍ ജില്ലാതലസമിതി യോഗം തീരുമാനിച്ചു.

സര്‍വേ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സര്‍വേയര്‍മാരെ നിയമിക്കുന്നതിനെതിരേ സമര്‍പ്പിച്ച പരാതിയില്‍ ചട്ടലംഘനമില്ലെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുന്‍പേ തന്നെ ആരംഭിച്ചതാണ് നിയമനനടപടികള്‍. അതിനാല്‍ അതു തുടരാമെന്നും ഇത് പെരുമാറ്റച്ചട്ടലംഘനത്തിന്റെ ഗണത്തില്‍ വരില്ലെന്നും യോഗത്തില്‍ സന്നിഹിതനായിരുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ പൊതു നിരീക്ഷകന്‍ രാജു കെ ഫ്രാന്‍സിസ് അറിയിച്ചു.

വണ്ടന്മേട് ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡില്‍ അക്ഷയ വഴി പെന്‍ഷന്‍ കൊടുക്കുന്നുവെന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് വോട്ട് പിടിക്കാന്‍ പണം നല്‍കുന്നു എന്ന പരാതി സംബന്ധിച്ച് റിട്ടേണിംഗ് ഓഫീസറുടെ റിപ്പോര്‍ട്ട്  സമിതി തേടി.  ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ അനുവാദം കൂടാതെ സ്വകാര്യവ്യക്തിയുടെ  കെട്ടിടത്തിന്റെ ഭിത്തികളില്‍ പതിപ്പിച്ചു എന്ന പരാതിയില്‍  പോസ്റ്ററുകള്‍ നീക്കം ചെയ്തതായി വരണാധികാരി റിപ്പോര്‍ട്ട് നല്‍കി.

കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന മാതൃകാ പെരുമാറ്റച്ചട്ടം മോണിട്ടറിങ് സമിതി യോഗത്തില്‍ ജില്ലാ പോലീസ് മേധാവി കെ. എം സാബു മാത്യു, സമിതി കണ്‍വീനറും  തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറുമായ ട്രീസ ജോസ്,  ഐ ആന്റ് പി. ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ആര്‍ പ്രമോദ് കുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സുജ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.