വയനാട് ജില്ലയിലെ അരിവാള്‍ രോഗബാധിതരുടെ ചികിത്സാപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു. സിക്കിള്‍ സെല്‍ രോഗബാധിതരായ ജില്ലയിലെ 1200 പേര്‍ക്ക് പ്രതിമാസം പോഷകാഹാര കിറ്റ്, ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് വാഹന സൗകര്യത്തിനും ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ആണ് തുക അനുവദിച്ചത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കണക്കു പ്രകാരം ജില്ലയില്‍ 1,263 പേര്‍ക്കാണ് അരിവാള്‍ കോശ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ 5,045 പേരെ രോഗവാഹകരായും കണ്ടെത്തിയിട്ടുണ്ട്. രോഗനിര്‍ണയത്തിന് ആധുനികവും കൃത്യവുമായ എച്ച്.പി.എല്‍.സി പരിശോധനാ സംവിധാനം മാനന്തവാടി മെഡിക്കല്‍ കോളേജിലാണ് ലഭ്യമാവുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ സിക്കിള്‍ സെല്‍ ഓപ്പറേഷന്‍ യൂണിറ്റ് പ്രവര്‍ത്തിക്കും.

അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള സൗകര്യവും അരിവാള്‍ കോശ രോഗികള്‍ക്കായുള്ള പ്രത്യേക ചികിത്സാ യൂണിറ്റും മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജിന് പുറമെ കല്‍പ്പറ്റ ഗവ ജനറല്‍ ആശുപത്രി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അരിവാള്‍ കോശ രോഗികള്‍ക്ക് ഹൈഡ്രോക്‌സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ബ്ലഡ് എക്‌സ്‌ചേഞ്ച് ട്രാന്‍സ്ഫ്യൂഷന്‍ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. അരിവാള്‍ കോശ രോഗികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിക്കിള്‍ സെല്‍ സ്റ്റാറ്റസ് ഐഡി കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം ചെയ്തു.

സി.എസ്.ആര്‍ ഫണ്ട് മുഖേന ജില്ലയ്ക്ക് അനുവദിച്ച് വാഹനം ഉപയോഗപ്പെടുത്തി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസം മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകള്‍ ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ മാസവും സിക്കിള്‍ സെല്‍ ക്യാമ്പുകള്‍, ബോധവത്കരണ ക്ലാസുകള്‍, ജനിതക കൗണ്‍സിലിങ് പരിപാടികള്‍ എന്നിവയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. ജില്ലയില്‍ സംഘടിപ്പിച്ച 115 ക്യാമ്പുകളിലായി 938 രോഗികളാണ് പങ്കെടുത്തത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്. ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നിവര്‍ യൂണിറ്റിലുണ്ടാവും. ദേശീയ ആരോഗ്യ ദൗത്യത്തിന് സി.എസ്.ആര്‍ തുക കൈമാറുന്നതിനുള്ള അനുമതിപത്രം കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവിക്ക് കൈമാറി. സി.എസ്.ആര്‍ വിഭാഗം മേധാവി പി.എന്‍ സമ്പത്ത് കുമാര്‍, മാനേജര്‍മാരായ പി. എസ് ശശീന്ദ്രദാസ്, എ.കെ യൂസഫ് എന്നിവര്‍ പങ്കെടുത്തു.