ജനാഭിലാഷത്തിന്അനുസൃതമായുള്ള നവകേരളസൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ പരിശീലനത്തിന് തുടക്കമായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ചെയര്‍മാനായ ജില്ലാതല സമിതിയുടെ നേതൃത്വത്തിലാണ് ജില്ലയൊട്ടാകെനടത്തുന്നത്. നാടിന്റെ പുരോഗതി ലക്ഷ്യമാക്കി നടത്തുന്ന പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്ന് ചവറ ബ്ലോക്ക്തല പരിശീലനം ഉദ്ഘാടനം ചെയ്ത ജില്ലാ കളക്ടര്‍ പറഞ്ഞു.

എല്ലാവീടുകളും സന്ദര്‍ശിച്ച് വികസന നിര്‍ദേശങ്ങള്‍ സ്വരൂപിച്ച് നാടിന്റെ മികവുറ്റ ഭാവി ഉറപ്പാക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സന്നദ്ധ പ്രവര്‍ത്തകരിലൂടെയാണ് വിവരശേഖരണം. ഇവര്‍ക്കുള്ള പരിശീലനത്തിനാണ് തുടക്കമായത്. പദ്ധതി സംബന്ധിച്ച് പരിശീലനം നേടിയ വിദഗ്ധരാണ് ക്ലാസുകള്‍ നയിക്കുന്നതെന്ന് വ്യക്തമാക്കി.

അസംബ്ലിമണ്ഡലതലത്തില്‍ നിയോഗിച്ച ചാര്‍ജ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പരിശീലനം പുരോഗമിക്കുന്നത്. വികസനനിര്‍ദേശങ്ങള്‍ സ്വീകരിക്കുന്ന രീതിശാസ്ത്രം, സംസ്ഥാനത്ത് നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആശയവിനിമയം, ഇതിനായി തയ്യാറാക്കിയ രേഖകളുടെവിതരണം തുടങ്ങിയവയാണ് നടത്തുക.

പരിശീലനംനേടിയ സന്നദ്ധപ്രവര്‍ത്തകര്‍ ജനുവരി ഒന്നുമുതല്‍ ജില്ലയിലെ എല്ലാവീടുകളിലേക്കുമെത്തും. ഫ്ളാറ്റുകളും നിയന്ത്രിത പ്രവേശനമുള്ള താമസസ്ഥലങ്ങളിലേക്കുമെല്ലാം സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകളുമായാണ് സന്ദര്‍ശിക്കുക. വിവിധ ഇടങ്ങളില്‍ സമൂഹത്തില്‍ വ്യക്തിമുദ്രപതിപ്പിച്ചവരുടെ ഭവനങ്ങളില്‍നിന്നാകും വിവരശേഖരണം തുടങ്ങുക. ഫെബ്രുവരി 28 വരെയാണ് പരിപാടി. ലഭിക്കുന്ന വികസനനിര്‍ദേശങ്ങള്‍കൂടി കണക്കിലെടുത്താകും വികസന-ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുക.

ആദ്യദിനത്തില്‍ ചവറയ്ക്ക് പുറമേ അഞ്ചല്‍, കൊട്ടാരക്കര, വെട്ടിക്കവല, ഓച്ചിറ, പത്തനാപുരം, മുഖത്തല, ശാസ്താംകോട്ട, ചടയമംഗലം ബ്ലോക്കുകള്‍, പുനലൂര്‍ നഗരസഭ എന്നിവിടങ്ങളിലാണ് പരിശീലനം നടന്നത്.