നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി സിറ്റിങ്ങിൽ ലഭിച്ച പരാതികളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് റിപ്പോർട്ട് ലഭ്യമാക്കി പരിഹാരമുണ്ടാക്കുമെന്ന് ചെയർമാൻ കെ.വി.സുമേഷ് എം.എൽ.എ. പറഞ്ഞു. പി എസ് സി നിയമനവുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗിൽ കൂടുതലായും ഉയർന്നുവന്നത്.

മെറ്റയും ജെമിനിയും എ ഐയുമാണ് ഇന്ന് യുവതലമുറയുടെ കൂട്ടുകാരെന്ന് നിയമസഭാ യുവജനക്ഷേമ യുവജനകാര്യ സമിതി വിലയിരുത്തി. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം സൗഹൃദങ്ങളെയും കുടുംബ ബന്ധങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.

ലഹരി ബോധവത്കരണത്തിന് പരമ്പരാഗത രീതികൾക്കൊപ്പം ആധുനിക രീതിയിലുള്ള മാർഗങ്ങൾ കൂടി സ്വീകരിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ പി ബിജു നിർദേശിച്ചു. കണ്ണൂർ കണ്ടോൻമെന്റ് പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സിന്തറ്റിക് ഡീ അഡിക്ഷൻ കേന്ദ്രം സ്ഥാപിക്കണം. യുവജനങ്ങൾക്കായി ജില്ലയിൽ യൂത്ത് ഹോസ്റ്റൽ വേണമെന്ന ആവശ്യവും ചർച്ചയിൽ ഉയർന്നുവന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കൂളുകളിലും കോളേജുകളിലും സിന്തറ്റിക് ലഹരിക്കെതിരെ ആന്റി ഡ്രഗ്‌സ് ക്യാമ്പയിനുകൾ നടക്കുന്നുണ്ട്. കലാ-കായിക രംഗങ്ങളിലും സന്നദ്ധ സേവന മേഖലകളിലുമായി യുവജനങ്ങളെ കർമനിരതരാക്കുന്നതിലൂടെ ലഹരി ഉപഭോഗം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്ന് കണ്ണൂർ യൂണിവേഴ്‌സിറ്റി ഡി എസ് എസ് പറഞ്ഞു.

മാനസിക സമ്മർദ്ദം നേരിടാനുള്ള ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്നത്തെ വിദ്യാർഥികളിലില്ലെന്ന് കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ശ്രീകുമാർ പറഞ്ഞു. കുട്ടികളിൽ മൂല്യബോധം വളർത്തുന്ന വിദ്യാഭ്യാസരീതിയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വകുപ്പിന് കീഴിലുള്ള കോളേജുകളിൽ യൂണിയനുകളില്ല. ക്യാമ്പസുകളിൽ ആരോഗ്യകരമായ ചർച്ചകൾ നടക്കുന്നില്ല. ഇത്തരം കാര്യങ്ങൾ അക്കാദമിക് സമ്മർദ്ദങ്ങൾ കുറക്കാൻ ഒരു പരിധിവരെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവിത നൈപുണ്യ വിദ്യാഭ്യാസത്തിന് ഈ കാലഘട്ടത്തിൽ വലിയ പങ്കുണ്ടെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം എൽ എമാരായ എം വിജിൻ, കെ ആൻസലൻ, എ ഡി എം കലാ ഭാസ്‌കർ, യുവജനകാര്യ സമിതി സെക്ഷൻ ഓഫീസർ അനുകുമാർ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.