കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളില്‍ ഒന്നാണ് സംഘനൃത്തം. ഓരോ കലോത്സവത്തിനും ഏറെ പ്രയത്‌നിച്ചാണ് ഓരോ ടീമും വേദിയില്‍ മാറ്റുരക്കുന്നത്.പ്രധാന വേദിയില്‍ മറ്റ് ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ തന്നെ സദസ്സ് നിറഞ്ഞിരുന്നു.
മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ പൂതപ്പാട്ടിലെ പൂതത്തെയും നങ്ങേലിയേയും ഉണ്ണിയേയും സര്‍ഗോത്സവ വേദിയില്‍ കണ്ടതോടെ കലാസ്‌നേഹികളുടെ ആവേശം ഇരട്ടിച്ചു. കണിയാമ്പറ്റ ജി എം ആര്‍ എസ് സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികളാണ് പൂതപ്പാട്ടുമായി സംഘനൃത്ത മത്സരത്തിന് എത്തിയത്.
പൂതത്തിന്റെ വികാരങ്ങളും നങ്ങേലിയുടെ സ്‌നേഹവും വേദിയില്‍ നൃത്തച്ചുവടുകളായി. ഉണ്ണിയുടെ അമ്മയായ നങ്ങേലിയുടെ നിഷ്‌കളങ്കമായ മാതൃസ്‌നേഹത്തില്‍ പൂതം പോലും ആകൃഷ്ടനാകുന്ന രംഗത്തിലൂടെ കളിയാട്ട വേദി മാതൃസ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും നേര്‍സാക്ഷ്യമായി.
മേക്കപ്പ് മുതല്‍ ഓരോ ഘട്ടത്തിലും ശ്രദ്ധയും അര്‍പ്പണവും പ്രകടമാകേണ്ട നൃത്തരൂപമാണ് സംഘനൃത്തം. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രങ്ങളും മുഖത്തെ ചായവും നൃത്തത്തെ കൂടുതല്‍ ഭംഗിയാക്കി. കുട്ടികളൊരുമിച്ചുള്ള പരിശീലനം തന്നെയാണ് പ്രധാനം. കൈമുദ്രകളും നോട്ടങ്ങളും ചലങ്ങളുമൊക്കെ ഒരുപോലെ വരുമ്പോഴാണ് സംഘനൃത്തം ആസ്വാദ്യകരമാവുന്നത്.എന്നാല്‍ ജി എം ആര്‍ എസ് കണിയാമ്പറ്റ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ശാസ്ത്രീയമായ പഠനത്തിലൂടെ ആയിരുന്നില്ല വേദി കയറിയത്. യൂട്യൂബിലൂടെ രാപകലില്ലാത്ത പരിശീലനത്തിലൂടെയാണ് അവര്‍ വേദിയില്‍ എത്തിയത്.
സര്‍ഗോത്സവം: യൂട്യൂബിനെ ഗുരുവാക്കി സംഘനൃത്ത വേദി
താളം ഉയര്‍ന്ന നിമിഷം മുതല്‍ വേദി അവരുടെ സ്വന്തമായി. ചുവടുകളിലുണ്ടായിരുന്ന ഊര്‍ജവും മുഖങ്ങളില്‍ തെളിഞ്ഞ ഉന്മേഷവും പ്രേക്ഷകരെ ആദ്യ നിമിഷം മുതല്‍ തന്നെ പിടിച്ചിരുത്തി. സര്‍ഗോത്സവത്തിന്റെ സമാപന ദിവസത്തില്‍ പ്രധാന വേദിയായ കളിയാട്ടത്തില്‍ അരങ്ങേറിയ പെണ്‍കുട്ടികളുടെ സംഘനൃത്തത്തില്‍ ഗുളികന്റെ ജനനത്തെ ആസ്പദമാക്കിയ സംഘനൃത്തം ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരെ ഒന്നടങ്കം ആവേശഭരിതരാക്കി.
ഇത് ഒരു സാധാരണ പരിശീലനത്തിന്റെ ഫലമായിരുന്നില്ല. മറിച്ച് യൂട്യൂബിനെ ഗുരുവാക്കി, സമയക്കുറവും പരീക്ഷാഭാരവും അതിജീവിച്ച ഒരു കൂട്ടം കുട്ടികളുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. ചുവടുകള്‍ ശക്തവും ഏകോപിതവുമായിരുന്നു. കാണികള്‍ക്ക് മുന്നില്‍ അവര്‍ അഗ്‌നിയായി ആളിക്കത്തിയപ്പോള്‍ കൈയടികള്‍ നീണ്ടുനിന്നു. വയനാട് ജില്ലയിലെ പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ എന്‍.ആര്‍ നിയ, പി.എം ഗായത്രി, എന്‍.എസ് തന്മയ, എം ചിത്ര, ബി വിശ്വനി, കെ.പി കൃഷ്ണാഞ്ജലി, സി.എസ് ആവണി എന്നീ മിടുക്കികളാണ് ഗംഭീര പ്രകടനം കാഴ്ചവെച്ചത്. ഇത് കലയുടെ വിജയം മാത്രമല്ല, സാങ്കേതികവിദ്യയെ പഠനത്തിനും കലയ്ക്കും ഒരുപോലെ ഉപയോഗിച്ച് പരിമിതികള്‍ക്കിടയിലും വഴികള്‍ കണ്ടെത്തുന്ന ഇന്നത്തെ വിദ്യാര്‍ഥി തലമുറയുടെ വിജയവും കൂടിയാണ്.
