ജനകീയ പങ്കാളിത്തത്തോടെ നവകേരളം പടുത്തുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം -വികസന ക്ഷേമ പഠന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. പയ്യന്നൂര്‍ മണ്ഡലത്തില്‍ പത്മശ്രീ അപ്പുക്കുട്ട പൊതുവാളിന്റെ ഭവനത്തിലെത്തി പരിശീലനം ലഭിച്ച കര്‍മ്മസേനാ അംഗങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ജില്ലാതല പഠന പരിപാടിക്ക് തുടക്കം കുറിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ മഹത്തായ ഘട്ടങ്ങള്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കുന്ന 102 വയസ്സ് പൂര്‍ത്തിയായ അപ്പുക്കുട്ട പൊതുവാള്‍ കേരളത്തിന്റെ വര്‍ത്തമാന ജീവിത സാഹചര്യം, സര്‍ക്കാര്‍ ഏറ്റെടുത്തതും ഏറ്റെടുക്കേണ്ടതുമായ കാര്യങ്ങളോടൊപ്പം ദേശീയ- അന്തര്‍ദ്ദേശീയ രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ വരെയുള്ള തന്റെ അഭിപ്രായം വിശദവും സ്പഷ്ടവുമായ രീതിയില്‍ രേഖപ്പെടുത്തി.
പരിപാടിയില്‍ ടി ഐ മധുസൂദനന്‍ എം.എല്‍.എ, സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ജില്ലാതല കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ പി.പി. വിനീഷ്, പയന്നൂര്‍ മണ്ഡലം ചാര്‍ജ് ഓഫീസറും ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണറുമായ സി.എം. സുനില്‍ കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കൃഷ്ണന്‍ പൊത്തേര, റിസോഴ്‌സ് പേഴ്‌സണ്‍ വി.പി സന്തോഷ് കുമാര്‍, നവകേരളം സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം സന്നദ്ധ വളണ്ടിയര്‍മാരായ ജയന്തി സി എച്ച്, സി. സുജിഷ, ദീപ സുനില്‍ എന്നിവര്‍ പങ്കെടുത്തു.
ധര്‍മ്മടം മണ്ഡലത്തില്‍ ചെമ്പിലോട് പഞ്ചായത്തില്‍ കലാകാരി ശ്യാമിലി അശോക്, വേങ്ങാട് പഞ്ചായത്തിലെ മുന്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ടി. മോഹനന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ ഭവനങ്ങളിലെത്തി കര്‍മസേന അംഗങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചു. ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പി ഷൈജ, വാര്‍ഡ് അംഗം കെ പവിത്രന്‍,ജില്ലാ സമിതി അംഗം ടി ആര്‍ രാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലക്ഷ്മി, കര്‍മ്മസേന അംഗങ്ങളായ സി കെ നിജിത, ടി കെ ശ്രേയ, എം സി നീതു, എന്‍ റീഷ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കല്ല്യാശ്ശേരി മണ്ഡലത്തില്‍ കണ്ണപുരം പഞ്ചായത്തില്‍ ഡോ. അനുപമ ബാലകൃഷ്ണന്റെ ഭവനത്തിലെത്തി കര്‍മസേന അംഗങ്ങള്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് മണ്ഡലത്തിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കണ്ണപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമ സുരേന്ദ്രന്‍, വാര്‍ഡ് അംഗം പി മോഹനന്‍, കണ്ണപുരം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ടി കെ ദിവാകരന്‍, കല്ല്യാശ്ശേരി മണ്ഡലം ചാര്‍ജ് ഓഫീസര്‍മാരായ ഡോ. ഷഹിന്‍ മുഹമ്മദ്, കെ പി ലത, കര്‍മ്മസേന അംഗങ്ങളായ രഞ്ജിനി, ഷൈമ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
തളിപ്പറമ്പ നിയോജക മണ്ഡലംതല ഉദ്ഘാടനം റിട്ട. ജില്ലാ ജഡ്ജ് പി.ടി പ്രകാശന്റെ പറശ്ശിനിക്കടവിലെ ഭവനത്തില്‍ നടന്നു. ജില്ലയിലെ മറ്റ് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ കര്‍മ്മസേനാ അംഗങ്ങള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ശേഖരിച്ച് പഠന പരിപാടികള്‍ ആരംഭിച്ചു.
വീടുകള്‍, തൊഴില്‍ശാലകള്‍, കൃഷിയിടങ്ങള്‍, ഫ്‌ളാറ്റുകള്‍, ഉന്നതികള്‍, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഗ്രാമീണ തൊഴിലുറപ്പ് മേഖലകള്‍, പൊതുഇടങ്ങള്‍, വ്യാപാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലയിലും കര്‍മ്മസേനാംഗങ്ങള്‍ സന്ദര്‍ശിച്ച് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നുണ്ട്.
നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ജനങ്ങളില്‍ നിന്ന് സമാഹരിക്കുക, ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന-ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള അഭിപ്രായങ്ങള്‍ പഠിക്കുക, വികസന ക്ഷേമ പരിപാടികള്‍ എല്ലാ പ്രദേശങ്ങളിലും ആവശ്യകതക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തില്‍ അഭിപ്രായം തേടുക, പുതിയ തൊഴിലവസരങ്ങള്‍/ വികസന പദ്ധതികള്‍ എന്നിവയില്‍ ജനകീയ അഭിപ്രായം രൂപീകരിക്കുക എന്നിവയാണ് പഠന പരിപാടിയുടെ ലക്ഷ്യങ്ങള്‍.
