സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും പുതിയ വികസന പദ്ധതികളെക്കുറിച്ചും പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനായി സംഘടിപ്പിക്കുന്ന സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകരുമായി ഫോക്കസ് ഗ്രൂപ്പ് ചർച്ച സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ സംഘടിപ്പിച്ച ചർച്ചയിൽ കില ബ്ലോക്ക് കോഓർഡിനേറ്റർ സി. രത്നകുമാർ വിഷയാവതരണം നടത്തി. കർമ്മസമിതി അംഗം അഖില വിവിധ വിഷയങ്ങളിലുള്ള കുടുംബശ്രീ പ്രവർത്തകരുടെ അഭിപ്രായങ്ങൾ ശേഖരിച്ചു.

സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനോപകാരപ്രദമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയർന്നത്. ക്ഷേമ പെൻഷനുകൾ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ലഭ്യമാക്കിയാൽ കൂടുതൽ ഉപകാരപ്രദമാകുമെന്ന അഭിപ്രായവും ചർച്ചയിൽ ഉയർന്നു. പരമ്പരാഗത വ്യവസായമായ കയർ മേഖലയെ കൂടുതൽ ആധുനികവത്ക്കരിച്ചുകൊണ്ടും പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിച്ചുകൊണ്ടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്ന അഭിപ്രായവും കുടുംബശ്രീ പ്രവർത്തകർ മുന്നോട്ടുവെച്ചു. മണ്ഡല സമിതി അംഗം ടി എസ് അരുൺ കുമാർ ചർച്ചക്ക് നേതൃത്വം നൽകി.

സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ ഗൃഹസന്ദർശനത്തിനും തുടക്കമായി. സ്വപ്രയത്നം കൊണ്ട് ഒരേക്കറിലധികം വരുന്ന ഭൂമി കൃഷിയോഗ്യമാക്കി സമ്മിശ്ര കൃഷിയിലൂടെ ശ്രദ്ധേയനായ, മികച്ച കർഷകനുള്ള അംഗീകാരം നിരവധിതവണ നേടിയ തൃക്കുന്നപ്പുഴ പഞ്ചായത്ത് രണ്ടാം വാർഡ് രാജീവ് ഭവനത്തിൽ പുരുഷന്റെ വസതിയിൽ നിന്നാണ് ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചത്.