സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് എത്തുകയും പുതിയ വികസന ചർച്ചകൾ ഉയർന്നു വരികയും വേണമെന്നും എം.എസ്. അരുൺകുമാർ എംഎൽഎ പറഞ്ഞു. നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ ഭാഗമായി മാവേലിക്കര മണ്ഡലത്തിലെ വള്ളികുന്നം, താമരക്കുളം എന്നീ പഞ്ചായത്തുകളിലെ കര്‍മസമിതി അംഗങ്ങള്‍ക്കുള്ള പരിശീലനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ചുറ്റുപാടും നടക്കുന്ന വികസന പ്രവർത്തനങ്ങൾ സാമൂഹിക ബോധത്തോടുകൂടി കണ്ടെത്താനും അത് ചർച്ചയാക്കാനും ഇനി ഉരുത്തിരിഞ്ഞു വരേണ്ട പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയണമെന്നും എംഎൽഎ പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം കർമ്മസമിതി അംഗങ്ങളുമായി എംഎൽഎ സംവദിച്ചു. മാവേലിക്കരയിലെ പുതിയ നഴ്സിംഗ് കോളേജ്, നൂറനാട് ലെപ്രസി സാനിറ്റോറിയം കെട്ടിട നിർമ്മാണം, ജില്ലാ ആശുപത്രി, മണ്ഡലത്തിലെ റോഡുകൾ തുടങ്ങിയവ പരിപാടിയിൽ ചർച്ചാവിഷയമായി.

ചടങ്ങിൽ മണ്ഡല തല ചാർജ് ഓഫീസർ കെ. സീന അധ്യക്ഷയായി. ജില്ലാതല നിർവാഹക സമിതി കൺവീനർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലതല സമിതി അംഗം അഡ്വ. സീമ, നവകേരളം ആർപി രാഹുൽ കൃഷ്ണ എന്നിവർ ക്ലാസുകൾ നയിച്ചു. നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം- വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി പാലമേൽ, നൂറനാട് എന്നീ പഞ്ചായത്തുകളിലെ കർമ്മസമിതി അംഗങ്ങൾക്കായി പാലമേൽ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലതല സമിതി അംഗം അഡ്വ. സീമ, കില തീമാറ്റിക് എക്സ്പേർട്ട് ശില്പ എസ് കുറുപ്പ്, കില ആർപി പ്രവീൺ ലാൽ, കില ചെങ്ങന്നൂർ ബ്ലോക്ക് കോ ഓർഡിനേറ്റർ ശ്രീ കലേശൻ,വള്ളികുന്നം ചാർജ് ഓഫീസർ- ജയൻ റ്റി.വി. താമരക്കുളം ചാർജ് ഓഫീസർ- അമിൽ ഡി ദാസ് എന്നിവർ ക്ലാസുകൾ നയിച്ചു.