മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം (ഏഴ്) വാര്‍ഡില്‍ ജനുവരി 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോളിങ് സ്റ്റേഷനായ കാരപ്പുറം ക്രസന്റ് യു.പി.സ്‌കൂളിന് (വടക്ക് ഭാഗം) വോട്ടെടുപ്പിന്റെ തലേ ദിവസവും (ജനുവരി 11) വോട്ടെടുപ്പ് ദിവസമായ ജനുവരി 12 നും വോട്ടെണ്ണല്‍ ദിവസമായ ജനുവരി 13നും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാര്‍ഡ് പരിധിക്കുള്ളില്‍ വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ 12ന് (തിങ്കള്‍) പ്രാദേിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നവയിലെ ജീവനക്കാര്‍ക്ക് പോളിങ്് സ്റ്റേഷനില്‍ പോയി വോട്ട് ചെയ്യാനുള്ള അനുമതി അതത് സ്ഥാപനമേധാവികള്‍ നല്‍കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍ദേശിച്ചു.

മദ്യ നിരോധനം ഏര്‍പ്പെടുത്തി

ജനുവരി 12ന് തിരഞ്ഞെടുപ്പ് നടക്കുന്ന മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ (പായിംപാടം) നാളെ (ശനി) വൈകുന്നേരം ആറുമുതല്‍ വോട്ടെടുപ്പ് ദിനമായ തിങ്കള്‍ വൈകുന്നേരം ആറുവരെയും വോട്ടെണ്ണല്‍ ദിനമായ ജനുവരി 13നും (ചൊവ്വ) മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം (ഏഴ്) വാര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

2002 ലെ കേരള അബ്കാരി ഷോപ്പ്‌സ് ഡിസ്‌പോസല്‍, 1953 ലെ ഫോറിന്‍ ലിക്വര്‍ ചട്ടങ്ങള്‍ എന്നിവ പ്രകാരമാണ് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.