ആസ്വാദകരെ വിസ്മയിപ്പിച്ച് വീരയോദ്ധാവായ പടവീരൻ തെയ്യം അരങ്ങിലെത്തി. ആയോധന മികവോടെ വാൾ വീശി വന്ന വീരയോദ്ധാവായ പടവീരൻ തെയ്യം കൊലധാരി നിയമസഭ മ്യൂസിയം പരിസരത്തെ ഒരു ഉത്സവവേദിയാക്കി മാറ്റി. നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായാണ് പടവീരൻ തെയ്യം അരങ്ങേറിയത്.
വടക്കേ മലബാറിൽ ഒരു യോദ്ധാവിന്റെ സ്മരണാർത്ഥം ആരാധിക്കപ്പെടുന്ന തെയ്യമാണ് പടവീരൻ തെയ്യം. പാട്ടുകുറുമാടത്തിൽ കോപ്പാളാട്ടു തറവാട്ടിലെ കോപ്പാള മാണിയമ്മയുടെ മകനായിട്ടാണ് പടവീരൻ ജനിച്ചത്. ഏരുവീട്ടിൽ ഗുരുക്കളാണ് പടവീരനെ വിദ്യ പഠിപ്പിച്ചത്. കളരിയിലെ അടവുകൾ വളരെ വേഗത്തിൽ പഠിച്ചെടുക്കാനുള്ള പടവീരന്റെ കഴിവ് കണ്ട് പലർക്കും അദ്ദേഹത്തോട് അസൂയ തോന്നി.
ഒരിക്കൽ ഗുരുക്കളും പടവീരനും കൂടി കളരിപ്പയറ്റ് നടത്തിയപ്പോൾ, പടവീരന്റെ മികച്ച പ്രകടനം കാരണം ഗുരുക്കളുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചോര പൊടിയുകയുണ്ടായി. ഈ സംഭവം ഗുരുക്കൾക്കും മറ്റ് ശിഷ്യന്മാർക്കും പടവീരനോട് വൈരാഗ്യം തോന്നാൻ കാരണമായി. പിന്നീട് കൊടഗരുമായി പടയ്ക്ക് കർണാടകയിലേക്ക് പോയ പടവീരൻ അവിടെ വെച്ച് ചതിയിലൂടെ വധിക്കപ്പെട്ടുവെന്നും, പിന്നീട് തെയ്യക്കോലമായി മാറിയെന്നുമാണ് ഐതിഹ്യം.

പുസ്തകോത്സവത്തിന്റെ നാലാം ദിനമായ ഇന്ന് (ശനിയാഴ്ച്ച) രാത്രി 7 മണിക്ക് കുട്ടിച്ചാത്തൻ തിറയും നാളെ (ഞായർ) രാത്രി 7 ന് അഗ്നികണ്ഠാകർണൻ തെയ്യവും അവതരിപ്പിക്കും. 12ന് രാത്രി 7ന് വസൂരിമാല ഭഗവതി തെയ്യവും രാത്രി 8 മണിക്ക് പൊട്ടൻ ദൈവം തെയ്യവും അരങ്ങേറും.
