*ഭരണപരിഷ്കാര കമ്മീഷന്റെ പബ്ലിക് ഹിയറിംഗ് വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു
ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന സർക്കാരിന് ജനങ്ങളോടു മാത്രമാണ് ബാധ്യതയെന്ന് ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ പറഞ്ഞു. ഭരണപരിഷ്കാര കമ്മീഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്തരീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ സംബന്ധിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുല്യനീതി ലഭിക്കാതിരിക്കുമ്പോളാണ് ചില വിഭാഗം ജനങ്ങൾ പാർശ്വവത്കരിക്കപ്പെടുന്നത്.സ്ത്രീകൾ, കുട്ടികൾ അംഗപരിമിതർ, ആദിവാസികൾ, ഭിന്നലിംഗക്കാർ എന്നിങ്ങനെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കാൻ സർക്കാരുകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നുണ്ട്. പദ്ധതികൾ അർഹരായവരിൽ എത്തുന്നുണ്ടോ എന്നതാണ് പ്രശ്നം. നിലവിലുള്ള ഭരണ സംവിധാനം കാലാകാലങ്ങളിൽ വിലയിരുത്തുകയും വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് ഭരണപരിഷ്കാര കമ്മീഷനുകൾ ചെയ്യുന്നത്.
സർക്കാരിന്റെ ക്ഷേമപദ്ധതികൾ ഗുണഭോക്താക്കളിലെത്തുന്നില്ലെങ്കിൽ എവിടെയാണ് ചോർച്ച നടക്കുന്നത് എന്ന അന്വേഷണമാണ് പബ്ലിക് ഹിയറിങ്ങുകളിലൂടെ ഉദ്ദേശിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളാണ് തിരുവനന്തപുരത്തെ പബ്ലിക് ഹിയറിങ്ങിൽ ചർച്ചയ്ക്കെത്തിയത്. കമ്മീഷൻ അംഗവും മുൻ ചീഫ് സെക്രട്ടറിയുമായ സി.പി. നായർ, ഭരണ പരിഷ്കാരകമ്മീഷൻ സെക്രട്ടറി ഷീല തോമസ് തുടങ്ങിയവർ സംബന്ധിച്ചു.