പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് നടന്ന സർഗോത്സവത്തിൽ മികച്ച വിജയം നേടിയ തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിലേയും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയും ആശ്രമം സ്‌കൂളുകളിലേയും വിദ്യാർഥികൾക്കായി സംസ്ഥാന തലത്തിൽ നടത്തിയ കലാമത്സരമാണ് സർഗോത്സവം. ആദിവാസി പരമ്പരാഗത ഗോത്ര നൃത്തത്തിൽ ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡ് ആശ്രമം സ്‌കൂൾ വിദ്യാർഥികൾക്ക് ലഭിച്ചിരുന്നു. ഊരിനെ ബാധിച്ച ദോഷമകറ്റി സമ്പൽസമൃദ്ധിക്കുവേണ്ടി കെട്ടിയാടുന്ന നാട്ടു ഗദ്ദികയാണ് കുട്ടികൾ അവതരിപ്പിച്ചത്. കൂടാതെ നാടകം, നാടൻ പാട്ട്, കവിതാ പാരായണം, പെൻസിൽ ഡ്രോയിങ് എന്നിവയിലും വിദ്യാർഥികൾ എ ഗ്രേഡ് നേടി. 20 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളും 112 പ്രീ മെട്രിക് ഹോസ്റ്റലുകളും പങ്കെടുത്ത സർഗോത്സവത്തിൽ 66 പോയിന്റ് നേടി 18-ാം സ്ഥാനത്തെത്താനും സ്‌കൂളിനു കഴിഞ്ഞു. സ്‌കൂളൽനിന്നും 32 കുട്ടികൾ 21 ഇനങ്ങളിലായി പങ്കെടുത്തിരുന്നു. അനുമോദനയോഗത്തിൽ ഗദ്ദിക പരിശീലകൻ മധു തൃശിലേരിയെ ആദരിച്ചു. പ്രധാനാധ്യാപകൻ കെ.എം. കുഞ്ഞിക്കണ്ണൻ, സീനിയർ സൂപ്രണ്ട് എം. മജീദ് തലപ്പുഴ, അധ്യാപകരായ മണി പി. എടക്കര, ശ്രീജിത്ത് പൂതംപാറ, പി.ജെ. സുഷ്മിത തുടങ്ങിയവർ സംസാരിച്ചു.
