സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ഇടുക്കി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആര് ബിന്ദു ഓണ്‍ലൈനായി നിര്‍വഹിച്ചു. അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാര്‍ക്കും മുചക്ര സ്കൂട്ടര്‍ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടന്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി സര്‍ക്കാര്‍ 23.85 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുഭയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി അപേക്ഷിക്കുന്ന എല്ലാവര്ക്കും മുചക്ര സ്കൂട്ടര്‍, ഇലക്ട്രോണിക്ക് വീല്‍ചെയര്‍ എന്നിവ ലഭ്യമാകുന്നതോടെ ചലനപരിമിതി എന്ന പ്രയാസത്തെ മറികടക്കാന്‍ കഴിയും.
ഭിന്നശേഷിക്കാരുടെ ശാക്തീകരണവും പുനരധിവാസത്തിനുമായി ഒട്ടനവധി പദ്ധതികള്‍ സംസ്ഥാന ഭിന്നശേഷി കോര്പ്പറേഷന് നടപ്പാക്കുന്നുണ്ട്. ശാരീരിക പരിമിതികളെ അതിജീവിച്ച് ചലനശേഷിക്ക് സഹായകരമാകുന്ന ഇലക്ട്രോണിക്ക് വീല്‍ ചെയറുകള്‍, മുചക്ര സ്കൂട്ടറുകള്,കൃത്രിമ അവയവങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന പദ്ധതികള്‍, വിദ്യാര്‍ഥികളുടെ പഠനസഹായത്തിനും സ്കില്‍ എന്‍ഹാസ്മെന്റിനുമുള്ള പദ്ധതി, ഫിക്സഡ് ഡിപ്പോസിറ്റ് നല്കുന്ന ഹസ്തദാനം പദ്ധതി തുടങ്ങിയവ ഇതിലുള്‍പ്പെടുന്നുണ്ട്.
കോര്പ്പറേഷന് മുഖേന ഏഴ് ശതമാനം പലിശയില്‍ ഭവനവായ്പ നല്കുന്ന മെറി ഹോം പദ്ധതി പ്രകാരം മുന്നൂറോളം പേര്‍ക്ക് സൗകര്യപ്രദമായ പാര്‍പ്പിടങ്ങള്‍ ലഭ്യമായി. ഭിന്നശേഷിക്കാര്‍ക്ക് വരുമാനദായകമായ സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് വായ്പ നല്കുന്ന ആശ്വാസം പദ്ധതി നടപ്പിലാക്കി വരുന്നു.
ഇന്ത്യയ്ക്ക് അകത്തും പുറത്തും പഠിക്കുന്നതിന് വേണ്ടി നാല് ശതമാനം പലിശനിരക്കില്‍ 50 ലക്ഷം രൂപ വരെ പഠനസഹായം ലഭ്യമാക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സുശക്തി എന്ന സ്വയം സഹായ നെറ്റ്വര്‍ക്ക് ഉടന്‍ നിലവില്‍ വരും. ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നേതൃപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇങ്ങനെ വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും സൗകര്യപ്രദമായ ഓഫീസുകള്‍ എല്ലാ ജില്ലയിലും സ്ഥാപിക്കുന്നതിന് വലിയ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. ആ ഇടപെടലുകളുടെ ഭാഗമായാണ് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ ഇടുക്കിയില്‍ ഓഫീസ് തുറന്നത്. ഇടം എന്ന പേരില്‍ ബങ്കുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതിയുടെ പ്രൊപ്പോസല്‍ സജീവതയോടെ മുന്നോട്ടു കൊണ്ട് പോകുന്നു.
സംസ്ഥാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ഒറ്റപ്പെട്ടു നില്‍ക്കേണ്ട സാഹചര്യമില്ല. സാമൂഹ്യനീതിയുടെ ചരിത്രത്തില്‍ ഒരു പുതിയ ദിനമാണ് ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ഇടുക്കിയില്‍ ഓഫീസ് തുറന്നതിലൂടെ പിറന്നതെന്നും ജില്ലയില്‍ ഭിന്നശേഷി സമൂഹത്തിനായി ഏറെ സ്കീമുകള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കോര്പ്പറേഷന് കഴിയുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്റെ ഓഫീസ് ശിലാസ്ഥാപന അനാച്ഛാദനവും സഹായ ഉപകരണ ക്ഷേമ പദ്ധതി ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ ഡോ, ദിനേശന് ചെറുവാട്ട്, ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് ചെയര്‍പേഴ്സണ്‍ ജയാഡാളി എം.വി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ സജീവ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം അമ്മിണി ജോസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ് വി. എ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അനിത ദീപ്തി, ഭിന്നശേഷി ക്ഷേമ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
