തങ്കമണി ഇരുകൂട്ടി പാണ്ടിപ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വികസന രംഗത്ത് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും നാടിന്റെ വികസനകാര്യങ്ങളില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. ഒട്ടേറെ മാറ്റങ്ങള്‍ക്ക് ഇടം കൊടുത്ത പ്രദേശമാണ് കാമാക്ഷി. വിജയിച്ചവരും പരാജയപ്പെട്ടവരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതിനാല്‍ അടിസ്ഥാന വികസനരംഗത്ത് നിരവധി മാറ്റങ്ങളുണ്ടായി. നിലവിലുള്ള എല്ലാ റോഡുകളും നല്ല രീതിയിലാക്കാന്‍ സാധിച്ചു. ഏതാനും നാളുകള്‍ക്കുള്ളില്‍ റോഡ് വികസനം പൂര്‍ണമാകും.

സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ രാജ്യത്തിന് മാതൃക ആണ്. ബജറ്റിലെ ഏറ്റവും പ്രധാന കാര്യം ഡിഗ്രി വരെയുള്ള വിദ്യാഭ്യാസം സൗജന്യമായി നല്‍കും എന്നതാണ്. അതു പോലെ തന്നെ എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമപെന്‍ഷന്റെ പരിധിയില്‍ കൊണ്ടു വന്നു. എല്ലാ മേഖലയിലും വ്യക്തമായ കാഴ്ചപ്പാടോടു കൂടി ഭാവിയില്‍ നേട്ടമുണ്ടാകുന്ന തരത്തിലുള്ള വികസനമാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

കട്ടപ്പന-തേനി തുരങ്കപാത വിദൂരമല്ല. അതിന്റെ സാധ്യതാ പഠനത്തിന് തുക വകയിരുത്തിയിട്ടുണ്ട്. കട്ടപ്പന ടൂറിസം ഹബ്ബാകുമ്പോള്‍ അതില്‍ കാമാക്ഷിയെയും ഉള്‍പ്പെടുത്തും. കുടിവെള്ള രംഗത്ത് 800 കോടി രൂപയാണ് മുടക്കുന്നത്. ശുദ്ധീകരണ പാന്റിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കൂടാതെ, അണക്കെട്ടിലെ വെള്ളത്തിനനുസരിച്ച് ഉയര്‍ന്നും താഴ്ന്നും വെള്ളം എടുക്കുന്നതിനായുള്ള ഫ്‌ലോട്ടിങ് പമ്പിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. മനുഷ്യ സാധ്യമായതെല്ലാം ചെയ്താണ് സര്‍ക്കാര്‍ മുന്നേറുന്നതെന്നും മന്ത്രി പറഞ്ഞു.

കാമാക്ഷി ഗ്രാമപഞ്ചായത്ത് അംഗം റെജി മുക്കാട്ടില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് അംഗം സി.വി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി 3 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ നിര്‍മാണം.

പരിപാടിയില്‍ പഞ്ചായത്ത് അംഗം ഷേര്‍ളി ജോസഫ്, സ്വാഗതസംഘം കണ്‍വീനര്‍ സിബിച്ചന്‍ പൗവത്, വിവിധ കക്ഷി രാഷ്ട്രീയ സാമൂഹ്യനേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, കെ.വി. ആന്റണി, എം.പി. ജോര്‍ജ്,  ചെറിയാന്‍ കട്ടക്കയം തുടങ്ങിയവര്‍ പങ്കെടുത്തു.