ദേശീയ പരിസ്ഥിതി ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ പത്തു വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ വിഷയാവതരണം നടത്തി. നവകേരളവും ഹരിതകേരള മിഷനും ഭാവി പരിപ്രേക്ഷ്യത്തിലേക്കുള്ള സമീപനം എന്ന വിഷയത്തില്‍ നവകേരളം കര്‍മ പദ്ധതി സംസ്ഥാന അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ടി.പി സുധാകരന്‍ ആമുഖാവതരണം നടത്തി. പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ അനുഭവങ്ങള്‍ പങ്കുവെക്കാനും പുതിയ ആശയങ്ങള്‍ രൂപപ്പെടുത്താനും ഭാവിയിലേക്ക് ഒരുമിച്ച് ചുവടുവെക്കാനും ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിച്ചത്.

ജില്ലാതല പ്രശ്നോത്തരി, പ്രബന്ധരചന മത്സരം എന്നിവയില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിതരണം ചെയ്തു. പഴശ്ശി ഇറിഗേഷന്‍ ടീമിനെയും പൂര്‍ണമായും ഹരിത പെരുമാറ്റചട്ടം പാലിച്ച അതിയടം മുച്ചിലോട്ട് കാവ് ഉത്സവാഘോഷ കമ്മിറ്റിയെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

ഡി പി സി ഹാളില്‍ നടന്ന പരിപാടിയില്‍ എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ അധ്യക്ഷനായി. ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍, മാലിന്യമുക്ത നവകേരളം കോ ഓര്‍ഡിനേറ്റര്‍ സുനില്‍ ദത്ത്, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ സ്‌നേഹ കൂക്കാനം, ഹരിത കേരളം മിഷന്‍ ഇരിട്ടി ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് പന്തക്ക, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, ഹരിത കേരളം മിഷന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി സഫല്‍ എന്നിവര്‍ പങ്കെടുത്തു