മാനന്തവാടിയില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് യാര്‍ഡ് സൗകര്യം ഒരുങ്ങുന്നു. രണ്ട് കോടി ചെലവില്‍ താഴെയങ്ങാടിയില്‍ മൂന്ന് ഏക്കറില്‍ 4000 സ്‌ക്വയര്‍ ഫീറ്റിലാണ് യാര്‍ഡ് നിര്‍മ്മിക്കുന്നത്. യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ രാത്രികാലങ്ങളില്‍ ദീര്‍ല ദൂര യാത്രക്കായി ഡിപ്പോയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും സൗകര്യമൊരുങ്ങും.

നിലവില്‍ ബസുകള്‍ നിര്‍ത്തിയിടുന്ന ഡിപ്പോയില്‍മഴ പെയ്താല്‍ ചളിക്കുളമാകുന്നത് പതിവായിരുന്നു. ബസുകള്‍ നിരന്തരം ചെളിയില്‍ കുടുങ്ങുന്നതിനാല്‍ കൃത്യമായ സര്‍വ്വീസ് നടത്താന്‍ കഴിയാതെയും യാത്രക്കാര്‍ക്ക് എത്തി ചേരാന്‍ കഴിയാത്തതും വലിയ പ്രയാസങ്ങള്‍ സൃഷ്ട്ടിച്ചിരുന്നു. മഴക്കാലത്ത് ഡിപ്പോയുടെ മുന്‍ഭാഗം വെള്ളം കയറി ചെളിക്കുളമായി മാറിയപ്പോള്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷംചെലവഴിച്ച് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്ന പരിഹാരം കണ്ടിരുന്നു.

ഡ്രൈനേജ് സൗകര്യത്തോടെയാണ് നിര്‍മ്മാണം നടക്കുക. 84 സര്‍വ്വീസുകളും 24 ദീര്‍ഘദൂര സര്‍വ്വീസുകളും ഉള്ള ഡിപ്പോയില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. വൈകിട്ട് 4.30 മുതല്‍ രാത്രി ഒന്‍പത് വരെ ഡിപ്പോയില്‍ നിന്നും ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നിര്‍ത്തിയിടാന്‍ ഡിപ്പോയില്‍ സൗകര്യമില്ലാത്തതിനാല്‍ ബാഗ്ലൂര്‍, മൈസൂര്‍ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മാനന്തവാടി നഗരത്തില്‍ റോഡരികില്‍ ബസ് കാത്ത് നില്‍ക്കുന്നതും പതിവ് രീതിയായി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്ക് സര്‍വ്വീസുകളും ഡിപ്പോയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഡിപ്പോയില്‍ യാര്‍ഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ വിവിധ പ്രശ്നങ്ങള്‍ക്കാണ് പരിഹാരമാവുക.