ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ 2019-20 വർഷത്തെ പദ്ധതി രൂപീകരണ യോഗം നടന്നു.78.33 കോടി രൂപയുടെ പദ്ധതിയാണ് 2019-20 വർഷത്തിലേക്ക് സമർപ്പിച്ചത്. വികസന ഫണ്ട്, മെയിന്റനൻസ് ഫണ്ട്, തനത് ഫണ്ട്, സംസ്ഥാനാവിഷ്‌കൃത പദ്ധതി വിഹിതം
തുടങ്ങിയവയാണ് പദ്ധതി നിർവഹണത്തിനുള്ള വിഭവ സ്രോതസുകൾ.ഇക്കൊല്ലം മുതൽ സാമ്പത്തിക വർഷത്തിന്റെ അവസാന മാസങ്ങളിൽ പദ്ധതി പണം ഒന്നിച്ചുചെലവാക്കുന്നതിന് പകരം ആരംഭത്തിൽ തന്നെ പദ്ധതി നിർവഹണം തുടങ്ങാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനം. ഹരിതകേരളം, ആർദ്രം, ലൈഫ്, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികൾക്ക് പൂരകമാകുന്ന വിധമാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ജൈവ വൈവിധ്യ മാനേജ്‌മെന്റ് , പട്ടികജാതി/വർഗ വികസനം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, മത്സ്യ ബന്ധനം, സാമുഹിക ക്ഷേമം എന്നിങ്ങനെ 16 വർക്കിങ് ഗ്രൂപ്പുകളായി തിരിച്ചാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. പ്രളയ പശ്ചാത്തലത്തിൽ ദീർഘ കാല ആവശ്യങ്ങൾ മുൻനിർത്തിയുള്ള വികസന നയമാണ് ആവിഷ്‌കരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ കണക്ക്, ഇംഗ്ലീഷ്, സോ്ഷ്യൽ സയൻസ്, വിഷയങ്ങളിൽ വിജയശതമാനം കുറയുന്നതിനാൽ ഈ വിഷയങ്ങൾക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനമുണ്ട്്.
പദ്ധതി രൂപീകരണ യോഗം ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു. വേമ്പനാട് കായലിനെ മാലിന്യമുക്തമാക്കാൻ കായൽ പരിസരത്തുളള പഞ്ചായത്തുകൾ മുൻകൈയ്യെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അധ്യക്ഷനായി . വൈസ് പ്രസിഡന്റ് ദെലീമ ജോജോ, സെക്രട്ടറി കെ.ആർ. ദേവദാസ്, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.കെ അശോകൻ, കെ.ടി മാത്യു,കെ.കെ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
